ആനക്കൊന്പ് വിൽക്കാൻ ശ്രമിച്ച മൂന്ന് പാപ്പാൻമാരെ പിടിക്കൂടി

ഗുരുവായൂർ : ആനക്കൊന്പ് വിൽക്കാൻ ശ്രമിച്ചമൂന്ന് പാപ്പാൻമാരെ ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. ദേവസ്വം ആനക്കോട്ടയിലെ പാപ്പാൻമാരായ ഗണേഷ്‌കുമാർ, ഉഷകുമാർ,പ്രേമൻ എന്നിവരെയാണ് ഡി.എഫ്.ഒ.ജി പ്രസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് ആനക്കൊന്പിന്റെ ആറ് കഷണങ്ങൾ കണ്ടെടുത്തു. അഞ്ചരക്കിലോ തൂക്കം വരും. വിൽപനയ്ക്കായി ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. കൊന്പ് വളരുന്പോൾ ചെത്തി മിനുക്കുന്നതിന്റെ ഭാഗമായി മുറിച്ചെടുത്ത കഷണങ്ങളാണ് പിടികൂടിയത്. ഇത് വനംവകുപ്പിനെ ഏൽപ്പിക്കണമെന്നാണ് നിയമം. ആറ്റിങ്ങൽ -പുത്തൻകുളം സ്വദേശി ബാബുവിൽ നിന്ന് വിൽപന നടത്തുന്നതിനായി 23,000 രൂപയ്ക്കാണ് കൊന്പുകൾ വാങ്ങിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരയൂരിൽ എത്തിയാണ് പിടികൂടിയത്. എരുമപ്പെട്ടി ഫോറസ്റ്റ് േസ്റ്റഷനിൽ എത്തിച്ച് അറസ്റ്റ് ചെയ്തു. രാത്രി ഇവരെ ചാവക്കാട് കോടതിയിൽ ഹാജരാക്കി.