താമരശ്ശേരി ചുരത്തിലെ പാർക്കിംഗ് നിരോധനം പാളി

കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ വാഹന പാർക്കിംഗ് നിരോധനം പാളി. കഴിഞ്ഞ ഒക്ടോബർ 13ന് ചേർന്ന ചുരം വികസന യോഗമാണ് നവംബർ ഒന്നു മുതൽ ചുരത്തിൽ വാഹന പാർക്കിംഗ് നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്. കോഴിക്കോട്− വയനാട് ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. ചുരത്തിലെ വ്യൂ പോയിന്റിൽ ഉൾപ്പെടെ സഞ്ചാരികൾ വാഹനങ്ങൾ നിർത്തിയിടുന്നതു ഗതാഗതക്കുരുക്കു രൂക്ഷമാക്കിയിരുന്നു. കൂടാതെ, ചുരത്തിൽ മാലിന്യനിക്ഷേപവും വർദ്ധിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് വാഹന പാർക്കിംഗ് നിരോധിച്ചത്. ചുരം ഉൾപ്പെടുന്ന ദേശീയപാത 766 ൽ അടിവാരം മുതൽ ലക്കിടി വരെയാണ് പാർക്കിംഗ് നിരോധിച്ചത്.
കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെയാണു വാഹന പാർക്കിംഗ് നിരോധിച്ചു കൊണ്ട് അധികൃതർ ഉത്തരവിറക്കിയത്. അതുകൊണ്ടുതന്നെ ചുരത്തിലെ വാഹന പാർക്കിംഗിനു കുറവൊന്നുമുണ്ടായിട്ടില്ല. ചുരം റോഡിലെ പലയിടങ്ങളിലായി നിർത്തിയിട്ട വാഹനങ്ങളുടെ നീണ്ടനിര പതിവു കാഴ്ചയാണ്. സഞ്ചാരികൾ റോഡരികിൽ വാഹനങ്ങൾ നിർത്തിയിട്ട് ഭക്ഷണം കഴിക്കുകയും മാലിന്യങ്ങൾ പലയിടത്തായി വലിച്ചെറിയുകയും ചെയ്യുന്നുണ്ട്. ചുരത്തിനു മുകളിൽ പോലീസ് എയ്ഡ്പോസ്റ്റുണ്ടെങ്കിലും നിരോധനം ലംഘിക്കപ്പെടുന്നുണ്ടോ എന്നു പിരശോധിക്കനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടില്ല.
നിരോധനം നിലവിൽ വന്ന ആദ്യനാളുകളിൽ പാർക്കിംഗ് നിരോധിച്ചു കൊണ്ടുള്ള അറിയിപ്പുകൾ ചുരത്തിൽ എവിടെയും സ്ഥാപിച്ചിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് വ്യൂ പോയിന്റിന് സമീപം നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കാൻ അധികൃതർ തയ്യാറായത്. ഇൗ ബോർഡുകൾക്കു സമീപം പോലും വാഹനങ്ങൾ നിർത്തിയിടുകയാണ്.
ഇതിനിടെ, നോ പാർക്കിംഗ് ബോർഡുകളിൽ ഭൂരിഭാഗവും സാമൂഹിക വിരുദ്ധർ നശിപ്പിച്ചിട്ടുമുണ്ട്. ഉത്തരവിനെ കുറിച്ച് ഡ്രൈവർമാർക്കിടയിൽ ബോധവൽക്കരണം നടത്താനും അധികൃതർക്കായിട്ടില്ല. ചുരം സംരക്ഷണത്തിനായി ജീവനക്കാരെ നിയമിക്കുമെന്നും ഇതിനായി ചുരം സംരക്ഷണ സമിതി പ്രവർത്തകരെ തിരഞ്ഞെടുക്കുന്നതിന് ഡി.ടി.പി.സിയെയും പുതുപ്പാടി പഞ്ചായത്തിനെയും ചുമതലപ്പെടുത്തിയതായും യോഗം അറിയിച്ചിരുന്നു.
എന്നാൽ, ഇതും അട്ടിമറിക്കപ്പെട്ടു. ചുരത്തിലെ മാലിന്യ നിക്ഷേപം തടയാൻ പലയിടങ്ങളിലായി നിരീക്ഷണ ക്യാമറകളും സ്ഥിരമായ പോലീസ് നിരീക്ഷണവും ഏർപ്പെടുത്തുമെന്ന തീരുമാനവും ഇതുവരെയായിട്ടും നടപ്പായിട്ടില്ല. ചുരത്തിലെ മാലിന്യ നിക്ഷേപം ഗുരുതര പാരിസ്ഥിതിക ആഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.