സർക്കാർ പ്രഖ്യാപനം നടപ്പായില്ല : നെല്ല് സംഭരണം പ്രതിസന്ധിയിൽ

കൽപ്പറ്റ : വയനാട് ജില്ലയിൽ നെൽകർഷകരുടെ നെല്ല് സംഭരിക്കുമെന്ന സർക്കാർ പ്രഖ്യാപനം യാഥാർത്ഥ്യമായില്ല. മാർക്കറ്റ് വിപണിയേക്കാൾ കൂടിയ വിലയ്ക്ക് കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിച്ച് നെൽകൃഷിക്കാരെ സംരക്ഷിക്കുമെന്ന കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽകുമാറിന്റെ പ്രഖ്യാപനമാണ് പാഴ്്വാക്കായത്. പൊതുവിപണിയിൽ 16 രൂപ മുതൽ 18 വരെയാണ് ഒരു കിലോ നെല്ലിന് കർഷകന് വില ലഭിക്കുന്നത്. സ്വകാര്യ കച്ചവടക്കാരുടെ ചൂഷണം കുറയ്ക്കാൻ 23 രൂപ തോതിൽ നെല്ല് സംഭരിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു.എന്നാൽ ഇത് ഫലപ്രദമായി നടപ്പിലാക്കാൻ ഇടപെടൽ നടന്നില്ല.ഇതോടെ ജില്ലയിൽ സർക്കാറിൽ പ്രതീക്ഷയർപ്പിച്ച് നെൽകൃഷി ചെയ്ത കൃഷിക്കാർ പ്രതിസന്ധിയിലായി.
വയനാട് ജില്ലയിൽ ഡിസംബർ, ജനുവരി മാസത്തോടെ നെല്ല് വിളവെടുപ്പ് പൂർത്തിയാവും. ജില്ലയിൽ ഏറ്റവും കൂടുതൽ നെൽകൃഷിയുള്ള നൂൽപ്പുഴ, കോട്ടത്തറ, തിരുനെല്ലി പഞ്ചായത്തുകളിൽ കൊയ്ത്ത് കഴിഞ്ഞു. ജില്ലയിൽ കഴിഞ്ഞ വർഷം 6800 ഹെക്ടർ സ്ഥലത്താണ് നെൽകൃഷിയുണ്ടായിരുന്നത്. ഈ വർഷം 10400 ഹെക്ടർ സ്ഥലത്ത് നെൽകൃഷിയുണ്ട്. സർക്കാറിന്റെ പ്രഖ്യാപനം യാഥാർത്ഥ്യമാക്കാത്തതിൽ നെൽകർഷകർ കടുത്ത നിരാശയിലാണ്. സർക്കാരിന്റെ പിറകോട്ടടി മുതലെടുത്ത് സ്വകാര്യ ഏജൻസികളും കച്ചവടക്കാരും പൊതുവിപണിയിൽ വില കുറച്ച് നെല്ല് വിലയ്ക്ക് വാങ്ങി വൻ ലാഭം കൊയ്യുകയാണ്.
ഉൽപാദനം കുറഞ്ഞതും ഉൽപാദന ചിലവ് വർദ്ധിച്ചതും നെൽകൃഷിക്കാർക്ക് വൻ തിരിച്ചടിയായി. ഉൽപാദന ചിലവിന്റെ പകുതി പോലും വില ലഭിക്കുന്നില്ലെന്ന പരാതിയാണ് നെൽകൃഷിക്കാർക്കുള്ളത്. നെൽകൃഷിക്കായി കൃഷി ഭവൻ വഴി വിത്തും വളവും നൽകുന്നതും ഇത്തവണ ഫലപ്രദമായില്ല. കൃഷിഭവന്റെ പാടശേഖര സമിതി മുഖാന്തിരം ഇത് വിതരണം ചെയ്തതു തന്നെ വളരെ വൈകിയാണ്.
സഹകരണ ബാങ്കുകളിൽ നിന്നും, ഗ്രാമീണ ബാങ്കുകളിൽ നിന്നും ഹ്രസ്വകാല വായ്പെടുത്താണ് പലരും നെൽകൃഷി ചെയ്തത്. സർക്കാർ സംഭരണം നടത്തിയിരുന്നെങ്കിൽ ഉൽപാദന ചിലവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭൂരിപക്ഷം കർഷകരും വായ് പെയെടുത്തത്. അതിനിടെ നെല്ല് സംഭരണം ബുധനാഴ്ചയോടെ തുടങ്ങാൻ നടപടി തുടങ്ങിയതായാണ് സൂചന.
സംഭരണത്തിനായി കൃഷി ഭവനുകളിൽ ബുക്കിംഗ് നടത്താൻ കൃഷി വകുപ്പ് നിർദ്ദേശം നൽകി കഴിഞ്ഞു.ജില്ലയിലെ ഭൂരിപക്ഷം സ്ഥലത്തും കൊയ്ത്തു കഴിഞ്ഞ് നെല്ല് സംഭരണം നടത്തുന്നത് സ്വകാര്യ ഏജൻസികളെ സഹായിക്കാനാണെന്ന ആക്ഷേപം വ്യാപകമാണ്. കൃഷി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് നെല്ല് സംഭരണം അട്ടിമറിച്ചതെന്നും കർഷകർ ആരോപിക്കുന്നു. സ്വകാര്യ ഏജൻസികളുടെ വയനാടൻ മട്ട ബ്രാൻഡിന് വിപണിയിൽ 38 രൂപ വരെ വിലയിടാക്കുന്നുണ്ട്.