കണ്ണൂരിൽ ബസ്സപകടം : 5 മരണം

മണ്ടൂർ (കണ്ണൂർ) : ടയർ പഞ്ചറായ ബസിനു സമീപം അടുത്ത ബസ് കാത്തുനിന്നവരിൽ ഒരു സ്ത്രീ അടക്കം അഞ്ചു പേർ തൊട്ടുപിറകെയെത്തിയ സ്വകാര്യ ബസിടിച്ച് മരിച്ചു. ഏഴ് പേർ ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പഴയങ്ങാടിക്കും പിലാത്തറക്കുമിടയിൽ മണ്ടൂർ പള്ളിക്ക് സമീപമാണ് ഇന്നലെ രാത്രി എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ അധ്യാപികയും ഏഴോംമൂല സ്വദേശിയുമായ പി പി സുബൈദ, മകനും നെരുവന്പ്രം അപ്ലൈഡ് സയൻസ് കോളേജ് വിദ്യാർത്ഥിയുമായ മുഫീദ്(18), ചെറുകുന്ന് അന്പലപുറത്തെ ആർടിസ്റ്റ് സുജിത് പട്ടേരി(35), പാപ്പിനിശേരി റെയിൽവേ ഗേറ്റിന് സമീപത്തെ മുസ്തഫ(58) പെരുന്പ സ്വദേശിയും ചെറുവത്തൂരിൽ ബിസിനസുകാരനുമായ കെ കരീം(46) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവർ പരിയാരം മെഡിക്കൽ കോളജിലും കണ്ണൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്.
പയ്യന്നൂരിൽ നിന്നു പഴയങ്ങാടിയിലേക്കുള്ള അൻവിദ എന്ന ബസിന്റെ ടയർ മണ്ടൂർ ടൗണിനടുത്ത് ഇറക്കവും വളവുമുള്ള ഭാഗത്തു കേടായതിനെ തുടർന്നു ബസ് മാറിക്കയറാൻ വേണ്ടി പുറത്തിറങ്ങിയ യാത്രക്കാരാണ് അപകടത്തിൽ പെട്ടത്. അഞ്ചു മിനിട്ടിനു ശേഷം ഇതേ റൂട്ടിൽ വന്ന വിഘ്നേശ്വര എന്ന ബസിന് ഇവർ കൈകാണിച്ചുവെങ്കിലും അമിത വേഗത്തിൽ വന്ന ബസ് ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. പിന്നീട് അൻവിദയിലും ഇടിച്ച ശേഷമാണ് ബസ് നിർത്തിയത്.
അപകട സമയത്ത് ഇവിടെ കനത്ത മഴയായിരുന്നുവെന്ന് പറയുന്നു. മൂന്ന് പേർ സംഭവ സ്ഥലത്ത് വച്ചും മറ്റ് രണ്ട് പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
പി കരുണാകരൻ എംപി, പി കെ ശ്രീമതി എംപി, ടി വി രാജേഷ് എംഎൽഎ എന്നിവർ ആശുപത്രി സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ല പോലീസ് മേധാവി ജി ശിവവിക്രം, തളിപ്പറന്പ് ഡിവൈഎസ്പി കെ വി വേണുഗോപാൽ എന്നിവർ ആശുപത്രിയിലെത്തി.