പ്രധാന സാക്ഷി ദിലീപിന് അനുകൂലമായി മൊഴിമാറ്റി

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ പ്രധാന സാക്ഷി മൊഴിമാറ്റി പറഞ്ഞു. ദിലീപിന് അനുകൂലമായാണ് മൊഴി. കാവ്യാ മാധവന്‍റെ സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് രഹസ്യമൊഴി നൽകിയത്. മൊഴി മാറ്റത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ജാമ്യത്തിലിറങ്ങിയ ദിലീപിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് സാക്ഷിയുടെ മൊഴിമാറ്റം.
നടി ആക്രമിക്കപ്പെട്ടശേഷം പ്രതികൾ പോലീസിൽ കീഴടങ്ങുന്നതിന് മുന്പ് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിൽ വന്നെന്നായിരുന്നു ജീവനക്കാരൻ ആദ്യം മൊഴി നൽകിയത്. ദിലീപിനേയും കാവ്യാ മാധവനേയും അന്വേഷിച്ചാണ് സുനിൽകുമാറും വിജേഷും എത്തിയതെന്നും ജീവനക്കാരൻ മൊഴി നൽകിയിരുന്നു. ഈ മൊഴി പോലീസ് വീഡിയോയിൽ ചിത്രീകരിച്ചിരുന്നു.
എന്നാൽ ദിലീപ് ജാമ്യത്തിലിറങ്ങുന്നതിന് രണ്ട് ദിവസം മുന്പ് ഇതേ ജീവനക്കാരന്‍റെ രഹസ്യമൊഴി മജിസ്ട്രേറ്റ് മുന്പാകെ പോലീസ് ഇടപെട്ട് രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ രഹസ്യമൊഴിയുടെ പകർപ്പ് കോടതിയിൽ നിന്ന് കിട്ടിയപ്പോഴാണ് പ്രധാനസാക്ഷി മൊഴി മാറ്റിയ വിവരം അന്വേഷണസംഘം അറിയുന്നത്. സുനിൽകുമാറും വിജേഷും കീഴടങ്ങുന്നതിന് മുന്പ് ലക്ഷ്യയിൽ വന്നിട്ടില്ലെന്നും ദിലീപിനേയും കാവ്യാമാധവനേയും പറ്റി അന്വേഷിച്ചിട്ടില്ലെന്നുമാണ് ഇയാൾ കോടതിയിൽ പറഞ്ഞത്. ഇതേ തുടർന്ന് മൊഴി മാറ്റിയ സാക്ഷിക്കെതിരെ പോലീസ് കേസെടുത്തേക്കും.