ടെക്നോസിറ്റിയിൽ പ്രതീക്ഷയർപ്പിച്ച് കൂടുതൽ ഐ.ടി കന്പനികൾ രംഗത്ത്

തിരുവനന്തപുരം: ടെക്നോപാർക്കിന്റെ നാലാംഘട്ടമായ ടെക്നോസിറ്റിയുടെ നിർമ്മാണോദ്ഘാടനം രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിർവ്വഹിച്ചതോടെ ക്യാംപസുകൾ തുടങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് ഐ.ടി കന്പനികൾ. 10 വർഷം മുന്പ് സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് ടെക്നോസിറ്റി. ഏറെക്കാലമായി മുടങ്ങിക്കിടന്ന പദ്ധതി നടപ്പാകുമെന്ന് ഉറപ്പായതോടെ കേരളത്തിലെ ഐ.ടി രംഗത്ത് വൻ കുതിപ്പിനാണ് വഴിയൊരുങ്ങുന്നത്.
ടെക്നോപാർക്ക് സ്ഥിതി ചെയ്യുന്ന കഴക്കൂട്ടത്തുനിന്ന് നാല് കിലോമീറ്റർ അകലെയാണ് ടെക്നോസിറ്റിയുടെ ക്യാംപസ് ഉയരുന്നത്. വിമാനത്താവളത്തിന്റെയും റെയിൽവേ േസ്റ്റഷന്റെയും സാമീപ്യം ഉൾപ്പെടെ അനുകൂല ഘടകങ്ങളുമുണ്ട്. നിലവിൽ, അരലക്ഷത്തിലേറെ പേർക്ക് നേരിട്ടു തൊഴിൽ നൽകുന്ന ടെക്നോപാർക്കിനൊപ്പം ടെക്നോസിറ്റി കൂടി യാഥാർഥ്യമാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി ഹബ് ആയി തിരുവനന്തപുരം മാറുമെന്നാണ് സർക്കാരിന്റെ നിഗമനം. ഐ.ടി രംഗത്തെ പുതിയ പ്രവണതകളായ കോഗ്നിറ്റിവ് അനലറ്റിക്സ്, ഫിൻടെക്, സ്പേസ് ആപ്ലിക്കേഷൻസ്, സൈബർ സെക്യൂരിറ്റി, ഇ–മൊബിലിറ്റി തുടങ്ങിയവയ്ക്ക് പ്രധാന്യം നൽകിയാണ് ടെക്നോസിറ്റിയുടെ രൂപകൽപന. ഭാവിയിൽ വൻ വളർച്ചാസാധ്യതകളുള്ള ഈ മേഖലയിൽ പ്രവർത്തിക്കുന്ന കന്പനികളുമായി സർക്കാർ ചർച്ച തുടങ്ങിയിട്ടുണ്ട്. 10 വർഷം കൊണ്ട് 400 ഏക്കറിലെ ടെക്നോസിറ്റി വികസനം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന ഐടി പാർക്ക് ആയി ടെക്നോസിറ്റി മാറും. കൂടാതെ നോളജ് സിറ്റി ടെക്നോസിറ്റിയിലെ 100 ഏക്കറിൽ രാജ്യത്തെ ആദ്യ നോളജ് സിറ്റി ഉയരുന്നുണ്ട്. 150 കോടിയാണ് നിർമ്മാണച്ചെലവ്.
ഐഐഐടിഎംകെ ക്യാംപസിന്റെ ഉദ്ഘാടനം അടുത്ത ജനുവരിയിൽ നടക്കും. ടാറ്റ കൺസൽറ്റൻസി സർവീസ് പുതിയ ക്യാംപസ് തുടങ്ങാൻ 97 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ പുതിയ ക്യാംപസും ടെക്നോസിറ്റിയിൽ നിർമ്മിക്കുന്നുണ്ട്.