കലാപമുണ്ടാക്കൻ പോലീസ് ഇറങ്ങിയാൽ വച്ചുപൊറുപ്പിക്കില്ല : കുമ്മനം

തിരുവനന്തപുരം : പോലീസ് നാട്ടിൽ കലാപം ഉണ്ടാക്കാൻ ഇറങ്ങിത്തിരിച്ചാൽ വച്ചു പൊറുപ്പിക്കാൻ കഴിയില്ലെന്ന് ബി.ജെ.പിസംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഊരൂട്ടന്പലത്തു ബി.ജെ.പിയുടെ കൊടിമരം പോലീസ് ഇൻസ്പെക്ടർ രാത്രി തകർത്തതിൽ പ്രതിഷേധിച്ചു ബി.ജെ.പി നടത്തിയ മാറനല്ലൂർ പോലീസ് േസ്റ്റഷൻ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോലീസിനെ പിണറായി സർക്കാർ രാഷ്ട്രീയക്കാരന്റെ കുപ്പായം ധരിപ്പിക്കാൻ ശ്രമിക്കുന്നു. പോലീസിന്റെ വിശ്വാസ്യതയെ തകർക്കുന്ന സംഭവമാണ് മാറനല്ലൂരിൽ കണ്ടത്. ഇത് അതീവ ഗൗരവത്തോടെയാണ് ബി.ജെ.പി സംസ്ഥാന, ദേശീയ നേതൃത്വം കാണുന്നത്. സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. എസ്.ഐയെ അറസ്റ്റ് ചെയ്യണമെന്നും കുമ്മനം ആവശ്യപ്പെട്ടു .
യൂണിഫോം ഊരിവെച്ച ശേഷം പാർട്ടി പ്രവർത്തനം നടത്തണം. രണ്ടു പാർട്ടിയിലേയും നിരപരാധികളായ പ്രവർത്തകരെ തമ്മിലടിപ്പിക്കാൻ ശ്രമിച്ച ഈ ഉദ്യോഗസ്ഥനെ അടിയന്തിരമായി പുറത്താക്കാൻ മുഖ്യമന്തി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടാണ് ഡി.ജി.പിക്ക് പരാതി നൽകിയതെന്നും കുമ്മനം അറിയിച്ചു. എസ്. സുരേഷ്, മലയിൻകീഴ് രാധാകൃഷ്ണൻ, എരുത്താവൂർ ചന്ദ്രൻ, മുക്കംപാലമൂട് ബിജു, എസ്. സന്തോഷ് എന്നിവർ പങ്കെടുത്തു.