അധികാരം സേവനത്തിന്റെ പുതിയ മാനങ്ങൾ സൃഷ്ടിക്കാനുള്ളതാെണന്ന് സ്‌പീക്കർ

കടുത്തുരുത്തി : അധികാരം ആധിപത്യം സ്ഥാപിക്കാനുള്ളതല്ലന്നും ജനങ്ങളെ സേവിക്കാനുള്ളതാണെന്നും നിയമസഭ സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ. ജില്ലയിലെ ജനസൗഹൃദ സദ്‌ഭരണ പഞ്ചായത്തുകളെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു സ്‌പീക്കർ. അധികാരം സേവനത്തിന്റെ പുതിയ മാനങ്ങൾ സൃഷ്‌ടിക്കാനുള്ളതാണ്.
നമ്മുടെ കൈയ്യിലുള്ള അധികാരം ഉപയോഗപ്പെടുത്തി പാവപ്പെട്ടവരെ രക്ഷിക്കുന്നതിനുള്ള പ്രവർത്തമാണ് നടത്തേണ്ടതെന്നും വോട്ടവകാശം മാത്രമല്ല ജീവിത്തിന്റെ എല്ലാ മണ്ധലങ്ങളിലും കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളുടേയും ധാർമ്മികതയുടെയും പ്രവാഹത്തിന്റെ പേരാണ് ജനാധിപത്യമെന്നും സ്‌പീക്കർ പറഞ്ഞു.
ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളാണ് ജനസൗഹൃദ പഞ്ചായത്തുകളായി പ്രഖ്യാപിച്ചത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെയും ശുപാർശ കൂടാതെയും സേവനങ്ങൾ കൃത്യസമയത്ത് ലഭിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇതോടെ പഞ്ചായത്തുകൾ പൂർണ്ണമായും അഴിമതി രഹിത പഞ്ചായത്തുകളായി മാറും. കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മോന്‍സ് ജോസഫ് എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സഖറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തി. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡണ്ട് പി.വി.സുനിൽ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ജോസ്‌നമോൾ വിഷയാവതരണം നടത്തി.