കാറ്റും കോളും : മീൻപിടിത്തം പ്രതിസന്ധിയിൽ

ബേപ്പൂർ : ശക്തമായ കാറ്റും കോളും തുടരുന്നതിനാൽ ആഴക്കടലിൽ മീൻപിടിത്തം പ്രതിസന്ധിയിൽ. കഴിഞ്ഞ മൂന്നു ദിവസമായി കടലിൽ സാമാന്യം ശക്തമായ കാറ്റാണ്. കാലാവസ്ഥ മോശമായതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ പറ്റാത്ത സ്ഥിതിയായി.
ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ചാലിയത്തെ പരന്പരാഗത തോണിക്കാരെയാണ്. അതിശക്തമായി കാറ്റടിക്കുന്നതിനാൽ വല വീശാനാകാതെ പരന്പരാഗത മത്സ്യത്തൊഴിലാളികൾ വലയുകയാണ്. ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ചുള്ള ചെറുകിട ബോട്ടുകാരുടെ സ്ഥിതിയും മറിച്ചല്ല.മഴ കനത്താൽ സാധാരണ നല്ലപോലെ മീൻ കിട്ടാറുണ്ട്. എന്നാൽ ആഴക്കടലിലെ കാറ്റാണ് മീൻപിടിത്തക്കാർക്ക് തിരിച്ചടിയായുള്ളത്. ഇരുനൂറോളം വള്ളങ്ങളിലായി ഏതാണ്ട് 3000 തൊഴിലാളികൾ ചാലിയത്ത് നിന്ന് മീൻപിടിക്കാൻ പോകുന്നുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാൽ മിക്ക വള്ളങ്ങളും തീരത്ത് അടുപ്പിച്ചിരിക്കുകയാണ്.