പത്ത് ദിവസത്തിനിടെ വാഗമണ്ണിലെത്തിയത് ഒരു ലക്ഷം വിനോദ സഞ്ചാരികൾ

വാഗമൺ : വിനോദ സഞ്ചാരികളുടെ വരവിൽ റെക്കോർഡ് സ്ഥാപിച്ച് വാഗമൺ. കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ വാഗമൺ സന്ദർശിച്ചത് ഒരു ലക്ഷത്തോളം വിനോദ സഞ്ചാരികളാണ്. മഴ കാര്യമായി ബാധിച്ചെങ്കിലും വാഗമണ്ണിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ വാഗമണ്ണാണ് ഇപ്പോൾ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം.
പശ്ചിമഘട്ടത്തിന്റെ അതിരിൽ സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാഗമണ്ണിലെ തണുത്ത കാലാവസ്ഥയാണ് പ്രധാന ആകർഷണം. മൊട്ടക്കുന്നുകളും അനന്തമായ പൈൻ മരക്കാടുകളുമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്.
മൊട്ടക്കുന്നിൽ മാത്രം നാൽപതിനായിരം സഞ്ചാരികൾ എത്തിയിട്ടുണ്ട്. ഡി.ടി.പി.സി യ്ക്കും മികച്ച വരുമാനവും ലഭ്യമാകുന്നുണ്ട്. ഇതോടൊപ്പം ആത്മഹത്യാ മുനന്പ്, തങ്ങൾ പാറ, പൈൻ വാലി, പാലൊഴുകും പാറ, എന്നിവടങ്ങളിലും സഞ്ചാരികളുടെ തിരക്കാണ്. അഞ്ചു കിലോമീറ്റിറിനുള്ളിൽ സഞ്ചരിച്ച് ഈ സ്ഥലങ്ങളെല്ലാം കാണാൻ കഴിയുമെന്നതാണ് വാഗമണ്ണിന്റെ മറ്റൊരു പ്രത്യേകത.
മഴയെ തുടർന്ന് വാഗമണ്ണിൽ ശക്തമായ കോടമഞ്ഞു മൂടിയിരിക്കുകയാണ്. പച്ചപ്പു വിരിച്ച മൊട്ടക്കുന്നുകളിൽ നിറഞ്ഞു നിൽക്കുന്ന കോടമഞ്ഞും തണുത്ത കാലാവസ്ഥയും സഞ്ചാരികളുടെ മനം കവരുന്നവയാണ്. വേനൽ കാലത്തുപോലും 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടത്തെ താപനില.