തെരുവുനായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരി : തെരുവു നായയുടെ ആക്രമണത്തിൽ അന്പലവയിലും ബീനാച്ചിയിലുമായി വിദ്യാർത്ഥിനിയുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്. ബീനാച്ചിയിൽ മദ്രസ വിദ്യാർത്ഥിനി കട്ടയാട് കക്കുണ്ടേരി ഹസന്‍റെ മകൾ റുബീന (ഒന്പത്), മലയിൽ സമദ് (50), മണിച്ചിറ തൊണ്ടൻമല അബ്ദുറഹ്മാൻ (49) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം.
പിതാവിനൊപ്പം ബൈക്കിൽ മദ്രസയിലേക്ക് പോകുന്പോഴാണ് റുബീനയ്ക്ക് നായയുടെ കടിയേറ്റത്. ബൈക്കിൽ സഞ്ചരിച്ചപ്പോൾ തന്നെയാണ് മറ്റുള്ളവരെയും നായ ആക്രമിച്ചത്. കയ്യിലും കാലിലും കടിയേറ്റ മൂവരെയും ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അന്പലവയൽ ആയിരംകൊല്ലിയിൽ കാരിക്കാകുഴി വിനു (35), കുണ്ടുപള്ളിയാലിൽ ലത്തീഫ് (42) എന്നിവരെയും കഴിഞ്ഞ ദിവസം നായ അക്രമിച്ചു. ഇവരും ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.