വേങ്ങരയിൽ പി.പി ബഷീർ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് സൂചന

മലപ്പുറം : വേങ്ങര ഉപതിരഞ്ഞെടുപ്പിൽ പി.പി ബഷീർ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് സൂചന. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തിൽ ചേർന്ന മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ചു ധാരണയായിട്ടുണ്ടെന്നാണ് സൂചന. ഞായറാഴ്ച നടക്കുന്ന സംസ്ഥാന യോഗത്തിനു ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. എൽ.ഡി.എഫിന് വലിയ സാധ്യതയുള്ള തിരഞ്ഞെടുപ്പാണ് വേങ്ങരയിലേതെന്ന് കോടിയേരി പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർത്ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നു ബി.ജെ.പിയും അറിയിച്ചു.
ഒക്ടോബർ 11−നാണ് വേങ്ങരയിൽ വോട്ടെടുപ്പ്. 15ന് വോട്ടെണ്ണലും നടക്കും. നാമനിർദ്ദേശപത്രിക സ്വീകരിക്കുന്ന അവസാന ദിവസം ഈ മാസം 22. സൂക്ഷ്മപരിശോധന 25നും പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം 27നും ആയിരിക്കും.
നിയമസഭയിലേക്ക് രണ്ടാം തവണയാണ് ബഷീർ മത്സരിക്കുന്നത്. 2016ൽ നടന്ന തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന്റെ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചെങ്കിലും 38,000 വോട്ടുകൾക്ക് ബഷീർ പരാജയപ്പെടുകയായിരുന്നു. ഡി.വൈ.എഫ്.ഐ തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡണ്ട്, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമാണ്.