ഒന്പതുകാരിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവം : രക്തം നൽകിയവരെ പരിശോധനയ്ക്ക് വിധേയരാക്കും

തിരുവനന്തപുരം : തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിൽ നിന്ന് രക്തം സ്വീകരിച്ച ഒന്പതുകാരിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തിൽ രക്തദാനം നടത്തിയ 46 പേരുടെ പേര് വിവരങ്ങൾ പോലീസ് ശേഖരിച്ചു. ഇവരെ ഉടൻ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചശേഷം രക്തപരിശോധനയ്ക്ക് വിധേയരാക്കും. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ഇന്നും ആർ.സി.സിയിലെത്തി രേഖകളുടെ പരിശോധന നടത്തി.
രക്തദാനവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും കസ്റ്റഡിയിലെടുത്ത പോലീസ് സംഘം കുട്ടി ചികിത്സ തേടിയെത്തിയ ദിവസങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിൽ നിന്ന് വിവരങ്ങൾ രേഖപ്പെടുത്തി തുടങ്ങി. കുട്ടിയെ ആദ്യം ചികിത്സിച്ച ആശുപത്രി മുതൽ ആർ.സി.സിയിൽ എച്ച്.ഐ.വി സ്ഥിരീകരിച്ചത് വരെയുള്ള ചികിത്സയുടെ ഓരോ ഘട്ടവും അന്വേഷണ സംഘം വിശദമായി പരിശോധിക്കും.
കഴക്കൂട്ടം അസി. കമ്മിഷണർ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് രക്താർബുദത്തെ തുടർന്ന് കുട്ടി ആർ.സി.സിയിൽ ചികിത്സയ്ക്കെത്തിയത്.
ചികിത്സയുടെ ഭാഗമായി കുട്ടിക്ക് റേഡിയേഷൻ തെറാപ്പി നടത്തി. അതിന് ശേഷം രക്തത്തിൽ കൗണ്ട് കുറഞ്ഞു. ഇത് പരിഹരിക്കാനായി ആർ.സി.സിയിൽ നിന്ന് ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ നടത്തിയിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് എച്ച്.ഐ.വി സ്ഥിരീകരിച്ചത്. സംഭവത്തിൽ ആർ.സി.സി ഡയറക്ടറോടും മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.