കലൂർ–മഹാരാജാസ് മെട്രോ സർവ്വീസ് ഒക്ടോബർ മൂന്നിന്

കൊച്ചി : കൊച്ചി മെട്രോയുടെ രണ്ടാംഘട്ട സർവ്വീസ് ഒക്ടോബർ മൂന്നിന് സർവീസ് തുടങ്ങാനാകുമെന്ന് ഡി.എം.ആർ.സി. കലൂർ മുതൽ മഹാരാജാസ് വരെയുള്ള മെട്രോ പാതയിൽ സർവ്വീസാണ് ഒക്ടോബർ മൂന്നിന് തുടങ്ങാനാവുക. ഇക്കാര്യം ഡിഎംആർസി, കെ.എം.ആർ.എല്ലിനെ അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമാകും ഇക്കാര്യത്തിലെ അന്തിമ തീരുമാനം. എം.ജി റോഡിലേക്കു കൂടി സർവ്വീസ് തുടങ്ങുന്നതോടെ മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുമെന്നാണ് കെ.എം.ആർ.എല്ലിന്റെ പ്രതീക്ഷ.
കലൂർ മുതൽ എം.ജി റോഡിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള പാതയിലെ ട്രയൽ റൺ വിജയകരമായിരുന്നു. ജവഹർലാൽ നെഹ്റു േസ്റ്റഡിയം, കലൂർ ജംഗ്ഷൻ, ലിസി ജംഗ്ഷൻ, എം.ജി റോഡ്, മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിങ്ങനെയാണ് ഇതിനിടയിലുള്ള അഞ്ചു േസ്റ്റഷനുകൾ. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് ഇപ്പോൾ സർവ്വീസ് നടക്കുന്നത്.