നിർമൽ കൃഷ്ണ തട്ടിപ്പ് : ബിനാമി തമിഴ്നാട് പോലീസിന്റെ പിടിയിൽ

പാറശാല : നിർമൽ കൃഷ്ണ നിക്ഷേപത്തട്ടിപ്പ് സംഭവത്തിൽ ബാങ്കുടമകളുടെ ബെനാമിയെന്ന് കരുതുന്നയാളെ തമിഴ്നാട് പോലീസ് കസ്റ്റഡിയിടിലെടുത്തു. ബാങ്കിലെ ജീവനക്കാരനായ അനിൽകുമാറാണ് പോലീസ് കസ്റ്റഡിയിലുള്ളത്. നിക്ഷേപകരിൽ ഒരാളുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലയാണിത്. സംസ്ഥാനാതിർത്തിയിൽ മത്തംപാലയിൽ പ്രവർത്തിച്ചിരുന്ന നിർമൽകൃഷ്ണ നിധി ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനമാണ് ഒരാഴ്ചമുൻപ് പൂട്ടി ഉടമകൾ മുങ്ങിയത്.
ഉന്നത ബന്ധമുള്ള തട്ടിപ്പ് സംഘം കോടികളുമായാണ് മുങ്ങിയത്. 13,663 വരുന്ന നിക്ഷേപകരിൽ നിന്നായി സമാഹരിച്ച തുക 1000 കോടിക്ക് മുകളിൽ വരുമെന്നാണ് കണക്ക്. ഇതിൽ ഒട്ടേറെ നിക്ഷേപകർ തിരുവനന്തപുരത്തുനിന്നുള്ളവരാണ്. നഗരത്തിൽനിന്നുള്ളവർപോലും തട്ടിപ്പിനിരയായിട്ടുണ്ട്. ഇവരിൽ പലരും പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. ഈ പരാതികൾ തമിഴ്നാട് പോലീസിന് കൈമാറുമെന്ന് റൂറൽ എസ്.പി അശോക് കുമാർ പറഞ്ഞു.
അതേസമയം ബാങ്കിലെ നിക്ഷേപരിൽ ഭൂരിഭാഗവും കേരളത്തിലുള്ളവരായിട്ടും സംസ്ഥാന പോലീസ് വേണ്ടത്ര ഗൗരവം നൽകുന്നില്ലെന്ന് പരാതിയുണ്ട്. മുഖ്യമന്ത്രി, ഡി.ജി.പി, എസ്.പി എന്നിവർക്ക് നിക്ഷേപകർ രൂപീകരിച്ച കർമസമിതി പരാതി നൽകിയിട്ട് അഞ്ച് ദിവസമായിട്ടും അന്വേഷണമാരംഭിച്ചിട്ടില്ല.