ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ വജ്രങ്ങൾ കണ്ടെത്തി

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ വജ്രങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. അമൂല്യ മുത്തുകളിൽ 12 എണ്ണമാണ് കണ്ടെത്തി. ക്ഷേത്രത്തിലെ ബി,എഫ് നിലവറകളിൽ തന്നെയാണ് മുത്തുകൾ ഉണ്ടായിരുന്നത്്. 2015 ആഗസ്റ്റിൽ 26 മുത്തുകളായിരുന്നു കാണാതായത്. ഇവ ക്ഷേത്രത്തിൽ നിന്ന് തന്നെയാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം എട്ടെണ്ണവും അതിന് മുന്പ് നാലെണ്ണവുമാണ് കണ്ടെത്തിയതെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.
വജ്രങ്ങൾ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമിക്കസ്ക്യൂറിയും മുതിർന്ന അഭിഭാഷകനുമായ ഗോപാൽ സുബ്രഹ്മണ്യം സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വജ്രങ്ങൾ മോഷണം പോയതല്ലെന്നും വിഗ്രഹത്തിൽ നിന്ന് അടർന്നുപോയതുമാണെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ട് കേസ് പരിഗണിക്കുന്പോൾ സുപ്രീംകോടതിയിൽ സമർപ്പിക്കും. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കണക്കിൽപ്പെടാത്ത ആഭരണങ്ങൾകൂടി കണ്ടെത്തി. വജ്രങ്ങൾ കാണാതായ സംഭവം കോടതിയെ അറിയിച്ചിരുന്നില്ല. വജ്രങ്ങൾക്ക് കേടുപാട് പറ്റിയെന്ന് മാത്രമാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. എൺപത് വർഷത്തോളം പഴക്കമുള്ള വജ്രങ്ങളുടെ മതിപ്പ് വില മുതൽപ്പടി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല.
ഈ രജിസ്റ്ററിലെ എഴുത്ത് രീതിമാറ്റേണ്ടതുണ്ട്. നന്പിമാർ കൈകാര്യംചെയ്യുന്ന ആഭരണങ്ങളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. അതിന്റെ മതിപ്പ് വിലയും രജിസ്റ്ററിൽ ഉൾപ്പെടുത്തണമെന്നാണ് ചട്ടം. 2013−16കാലത്ത് പെരിയ നന്പിയായിരുന്നയാൾ കണക്കുകൾ ബോധിപ്പിച്ചപ്പോഴാണ് സ്വർണ്ണ കിരീടത്തിലെ മാണിക്യകല്ലുകളടക്കം 26 അമൂല്യമുത്തുകൾ കാണാതായി അറിയുന്നത്.