തിരുവന്പാടിയിൽ വിമാനത്താവളം സ്ഥാപിക്കാൻ സാധ്യതാ പഠനം

തിരുവനന്തപുരം : കേരളത്തിൽ മറ്റൊരു വിമാനത്താവളം കൂടി തുടങ്ങാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. കോഴിക്കോട് ജില്ലയിലെ തിരുവന്പാടിയിൽ വിമാനത്താവളം സ്ഥാപിക്കുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തുവാൻ സംസ്ഥാന സർക്കാർ നിർദേശിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടർമാർക്കും എയർപോർട്ട് ഡയറക്ടർക്കുമാണ് നിർദേശം ലഭിച്ചത്. മലബാർ ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ വിമാനത്താവളത്തിനായി ആവശ്യമുയർന്നിരുന്നെങ്കിലും ഇപ്പോഴാണ് സർക്കാർ തലത്തിൽ ഇതിനായുള്ള നടപടികൾ ആരംഭിച്ചത്. തിരുവന്പാടിയിൽ വിമാനത്താവളം സാധ്യമായാൽ കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ പറ്റാത്തതിന് ശാശ്വത പരിഹാരമാകുമെന്നാണ് മലബാർ ഡെവലപ്പ്മെന്റ് കൗൺസിലിന്റെ വാദം. രണ്ടായിരത്തിലേറെ ഏക്കർ വിസ്തൃതിയുള്ള തിരുവന്പാടി റബ്ബർ എേസ്റ്ററ്റിലാണ് പുതിയ വിമാനത്താവളം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. മുക്കം മുൻസിപ്പാലിറ്റിയിലും തിരുവന്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലുമായാണ് വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലം സ്ഥിതി ചെയ്യുന്നത്.
കണ്ണൂരിൽ പുതിയ വിമാനത്താവളത്തിന്റെ ജോലികൾ ദ്രുതഗതിയിൽ പൂർത്തിയാവുകയാണ്. ഇതിനിടയിലാണ് കോഴിക്കോടിന്റെ മലയോര മേഖലയിൽ പുതിയൊരു വിമാനത്താവളത്തിനായി നീക്കമാരംഭിച്ചത്.