നേട്ടത്തിന്റ നെറുകയിൽ ആദിവാസി യുവാവ്

പേരാവൂർ(കണ്ണൂർ): ഇല്ലായ്‌മകളുടെ നടുവിൽ നിന്ന് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ റാങ്ക് നേടിയ ആദിവാസി യുവാവ് നാടിന് അഭിമാനമായി. നിടുംപൊയിൽ ചെക്കേരി കോളനിയിലെ കണ്ടത്തിൽ രാധയുടെ മകൻ മനു (19) വിനാണ് അഖിലേന്ത്യ നീറ്റ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ പട്ടികവർഗ വിഭാഗത്തിൽ പത്താം റാങ്ക് ലഭിച്ചത്. കോട്ടയം മെഡിക്കൽ കോേളജിൽ അഡ്‌മിഷനും കരസ്ഥമാക്കി. ചെക്കേരി കോളനിയിലെ ആദ്യ ഡോക്ടറാകാനുള്ള തയ്യാറെടുപ്പിലാണ് മനു. ആറ് കിലോമീറ്റർ അകലയുള്ള വേക്കളം എയ്‌ഡഡ് യു.പി സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി തുടർന്ന് കോളയാട് സെന്റ്. കൊർണേലിയൂസിൽ നിന്ന് 83 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി പാസായി. തുടർന്ന് മണത്തണ ജി.എച്ച്.എസ്.എസിൽ നിന്ന് 70 ശതമാനം മാർക്കോടെ പ്ലസ്‌ടു പൂർത്തിയാക്കി.
പട്ടികവർഗ വികസന കോർപ്പറേഷന്റെ പ്ലസ്‌ടുവിന് ശേഷം കോട്ടയം പാലയിലെ ബ്രില്യന്റ് കോച്ചിംഗ് സെന്ററിൽ പട്ടിക വർഗ ക്വാട്ടയിൽ മനുവിന് 2016ൽ അഡ്‌മിഷൻ ലഭിച്ചു. എന്നാൽ റാങ്കിൽ പിന്നോക്കം പോയതിനാൽ ആയുർവ്വേദ കോഴ്‌സിനാണ് അഡ്‌മിഷൻ ലഭിച്ചത്. എൻട്രൻസിന് 35ശതമാനത്തിൽ കൂടുതൽ മാർക്കുള്ളതിനാൽ ഒരു വർഷം കൂടി പഠിക്കാൻ അവസരം ലഭിച്ചു. തുടർന്ന് കഠിന പരീശിലനത്തിനൊടുവിൽ നീറ്റിന്റെ പരീക്ഷയും കടന്ന് ജനറൽ വിഭാഗത്തിൽ 12210 റാങ്കും പട്ടിക വിഭാഗത്തിൽ പത്താം റാങ്ക് നേടുകയായിരുന്നു. അമ്മയും ചേട്ടനും കൂലിപ്പണി എടുത്തു കിട്ടുന്ന വരുമാനം കൊണ്ടാണ് മനുവിന്റെ പഠന സഹായം. ഡോക്ടറാവുക എന്നത് സ്വപ്‌നത്തിൽ പോലുമില്ലായിരുന്നു. ഡിഗ്രി പഠനം പൂർത്തിയാക്കി സർക്കാർ ഉദ്യോഗം അതായിരുന്നു സ്വപ്‌നം.