നഴ്സ് സമരത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ നഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗം ഇന്നു വൈകിട്ട് നാലുമണിക്ക് നടക്കും. നഴ്സുമാരുടെയും ആശുപത്രി മാനേജ്മെന്റുകളുടെയും സംഘടനാപ്രതിനിധികളാണു പങ്കെടുക്കുന്നത്. വ്യവസായ ബന്ധ സമിതിയുടെയും മിനിമം വേജസ് കമ്മിറ്റിയുടെയും സംയുക്ത യോഗം രാവിലെ പതിനൊന്നിന് ചേരും. ഇതിനു മുമ്ബ് ചേർന്ന മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനങ്ങൾ ഈ യോഗത്തിൽ അംഗീകരിച്ചു മുഖ്യമന്ത്രിക്കു സമർപ്പിച്ചശേഷമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചർച്ച നടത്തുക. ഇന്നലെ ഹൈക്കോടതി മീഡിയേഷൻ കമ്മിറ്റി നടത്തിയ ചർച്ചയിൽ നഴ്സുമാരുടെ സംഘടനയും ആശുപത്രി മാനേജ്മെന്റുകളും വിട്ടുവീഴ്ചയ്ക്കു തയാറായില്ല. ഏറ്റവും കുറഞ്ഞത് 20,000 രൂപയെങ്കിലും അടിസ്ഥാന ശമ്പളം വേണമെന്ന ആവശ്യത്തിൽ നഴ്സുമാരുടെ സംഘടനയും അത് അംഗീകരിക്കാനാകില്ലെന്ന് ആശുപത്രി മാനേജ്മെന്റുകളും നിലപാടെടുത്തു. ചർച്ച പൊളിഞ്ഞാൽ എല്ലാ സ്വകാര്യ ആശുപത്രികളിലും ഇന്നു രാത്രി തന്നെ നഴ്സുമാർ പണിമുടക്ക് ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

