നഴ്സുമാരുടെ സമരം : ഒത്തുതീർപ്പു ചർച്ച പരാജയപ്പെട്ടു : വ്യാഴാഴ്ച കൂട്ട അവധി


കൊച്ചി : നഴ്സുമാരുടെ സമരത്തിൽ ഹൈക്കോടതി ഇടപെട്ടു നടത്തിയ ഒത്തുതീർപ്പു ചർച്ച പരാജയപ്പെട്ടു. 20,000 രൂപ അടിസ്ഥാന ശമ്പളം എന്ന ആവശ്യത്തിലുറച്ചുനിന്ന നഴ്സുമാർ, വ്യാഴാഴ്ച കൂട്ട അവധിയെടുത്തു പ്രതിഷേധിക്കുമെന്നും വ്യക്തമാക്കി. സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളും നഴ്സിങ് സംഘടനകളുടെ പ്രതിനിധികളുമായാണ് മീഡിയേഷൻ കമ്മിറ്റി ചർച്ച നടത്തിയത്. നഴ്സുമാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ആശുപത്രി മാനേജ്മെന്റുകള്‍ നിലപാടെടുത്തു. ഇതോ‌ടെയാണ് ചർച്ച പരാജയപ്പെട്ടത്.

17,200 രൂപയാണ് സർക്കാർ നിർദേശിച്ച കുറഞ്ഞ ശമ്പളം. എന്നാൽ ഈ നിർദേശം സ്വീകാര്യമല്ലെന്നും സുപ്രീം കോടതി നിയോഗിച്ച സമിതി ശുപാർശ ചെയ്ത 20,000 രൂപ കുറഞ്ഞ ശമ്പളമായി ലഭിക്കണമെന്നുമാണ് നഴ്സുമാരുടെ നിലപാട്. ഈ തിങ്കളാഴ്ച മുതൽ നഴ്സുമാർ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് വ്യാഴാഴ്ച ചർച്ച നടത്താമെന്നു തീരുമാനമായതോടെ ഒരു വിഭാഗം നഴ്സുമാർ സമരത്തിൽനിന്നു താൽക്കാലികമായി പിൻമാറിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed