ദിലീപിനെതിരെ കുറ്റങ്ങൾ തെളിയിക്കാനാവശ്യമായ കൃത്യമായ 19 തെളിവുകൾ

കൊച്ചി : നിഷേധിക്കാനാകാത്ത 19 തെളിവുകളാണ് ജനപ്രിയ നടൻ ദിലീപിനെ അറസ്റ്റ് ചെയ്യാൻ പൊലീസിനു ലഭിച്ചതെന്ന് റിപ്പോർട്ട്. ഗൂഢാലോചന ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കാനാവശ്യമായ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇപ്പോൾ 11–ാം പ്രതിയായ ദിലീപ്, അധിക കുറ്റപത്രം സമർപ്പിക്കുമ്പോൾ രണ്ടാം പ്രതിയാകും. നടിയെ ആക്രമിച്ച പൾസർ സുനിയാണ് (സുനിൽകുമാർ) ഒന്നാം പ്രതി.
കേസിൽ ദിലീപിനെതിരെ കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങൾ ചുമത്തും. ഗൂഢാലോചനക്കുറ്റം തെളിഞ്ഞതിനാല്‍ മറ്റു കുറ്റകൃത്യങ്ങളിലും തുല്യപങ്കാളിത്തം തെളിയിക്കാൻ പൊലീസിനു കഴിയും. എന്നാൽ ഇവ ഏതൊക്കെയെന്നു വെളിപ്പെടുത്താനാവില്ലെന്നാണ് ഡിജിപി ലോക്നാഥ് ബഹ്‌റ വ്യക്തമാക്കിയത്. അന്വേഷണത്തിനു അതിരു നിർണയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിക്കാൻ പൾസർ സുനിക്ക് ആദ്യം രണ്ടു ലക്ഷം രൂപ നൽകിയത് ദിലീപിന്റെ ഉറ്റബന്ധുവാണെന്നു പൊലീസ് കണ്ടെത്തി. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും തെളിവായി. ക്വട്ടേഷൻ നൽകുന്നതു കേട്ടെന്ന സാക്ഷിമൊഴിയും ദിലീപിനെതിരായ നിർണായക തെളിവായി.