നാദിര്‍ഷയുമായി കൂടിക്കാഴ്ച നടത്തിയോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ ടോമിന്‍ ജെ. തച്ചങ്കരി

കൊല്ലം : കൊച്ചിയില്‍ നടി ആക്രമണത്തിനിരയായതുമായി ബന്ധപ്പെട്ട കേസില്‍ ആരോപണ വിധേയനായ സംവിധായകന്‍ നാദിര്‍ഷയുമായി കൂടിക്കാഴ്ച നടത്തിയോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ എഡിജിപി ടോമിന്‍ ജെ. തച്ചങ്കരി. നാദിര്‍ഷയും തച്ചങ്കരിയും കൂടിക്കാഴ്ച നടത്തിയെന്ന് മുന്‍ ഡിജിപി ടി.പി സെന്‍കുമാർ സ്വകാര്യ ചാനലിൽ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. എന്നാല്‍ ഇതിനോട് അദ്ദേഹം പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. പൊലീസ് അസോസിയേഷന്‍ കൊല്ലം റൂറല്‍ ജില്ലസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു തച്ചങ്കരി.
നാദിര്‍ഷയുമായി ചോമിന്‍ തച്ചങ്കരി 26ന് രാത്രി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു സെന്‍കുമാര്‍ വ്യക്തമാക്കിയത്. ഇക്കാര്യം അന്വേഷണ തലവനായ ഐ.ജി ദിനേന്ദ്ര കശ്യപിനെഅറിയിച്ചിരുന്നുവെന്നും കേസില്‍ ഗൂഢാലോചന ഇല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.
പരിപാടിയില്‍ സംസാരിക്കുന്നതിനിടെ സെന്‍കുമാറിന് കടുത്ത ഭാഷയില്‍ തച്ചങ്കരി മറുപടി നല്‍കി. പൊലീസ് സേനയുടെ എല്ലാ സൗകരങ്ങളും അനുഭവിച്ചശേഷം പുറത്തിറങ്ങി സേനയുടെ അന്തസ് കളയുന്ന പ്രസ്താവന സെന്‍കുമാര്‍ നടത്തരുതെന്ന് തച്ചങ്കരി പറഞ്ഞു. വീട്ടില്‍ പറയേണ്ട കാര്യങ്ങള്‍ പൊതുജനത്തിന് മുന്നില്‍ പറഞ്ഞ് വിഴുപ്പ് അലക്കരുതെന്നും തച്ചങ്കരി പറഞ്ഞു. ഇതിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് നാദിര്‍ഷയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. അതേസമയം, സെന്‍കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.