കർഷകന്റെ ആത്മഹത്യ ; വില്ലേജ് അസിസ്റ്റന്റ് കീഴടങ്ങി

കോഴിക്കോട് : ഭൂനികുതി അടയ്ക്കാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് കർഷകൻ ജോയ് ആത്മഹത്യ ചെയ്ത കേസിലെ പ്രതി ചെന്പനോട വില്ലേജ് അസിസ്റ്റന്റ് സിലീഷ് കീടങ്ങി. 26ന് രാത്രി പേരാന്പ്ര എസ്.ഐയ്ക്ക് മുന്നിലാണ് സിലീഷ് കീഴടങ്ങിയത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി പോലീസ് കേസെടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോകുകയും ഇന്നലെ രാത്രി കീഴടങ്ങുകയുമായിരുന്നു.
ചെന്പനോട വില്ലേജ് ഓഫീസിനു മുന്നിൽ കാവിൽ പുരയിടം വീട്ടിൽ ജോയി എന്ന തോമസാണ് തൂങ്ങിമരിച്ചത്. സ്ഥലത്തിന്‍റെ കരമടയ്ക്കുന്നതിന്‍റെ പ്രശ്നവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി വില്ലേജ് ഓഫീസ് കയറിയിറങ്ങുകയായിരുന്നു ഇദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിന് മുന്നിൽ നിരാഹാരവും അനുഷ്ഠിച്ചിരുന്നു. വില്ലേജ് ഓഫീസിന്‍റെ ഗേറ്റിന് സമീപമാണ് ജോയി തൂങ്ങിമരിച്ചത്.