പുതുവൈപ്പ് സമരത്തിനെതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം : കൊച്ചി പുതുവൈപ്പ് സമരത്തിനെതിരായ പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പൊലീസിന്റെ അതിക്രമം മറയ്ക്കാനാണ് സമരത്തില്‍ തീവ്രവാദ സാന്നിധ്യം ആരോപിക്കുന്നതെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ ജൂലൈ 17 ന് ഡിസിപി യതീഷ് ചന്ദ്ര നേരിട്ട് ഹാജരാകണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
നിയമം നടപ്പിലാക്കുകയാണ് പൊലീസിന്റെ ജോലിയെന്നും ശിക്ഷിക്കാന്‍ അവര്‍ക്ക് അധികാരമില്ലെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. പൊലീസിന്റെ നടപടിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ന്യായീകരിച്ചത് ശരിയല്ലെന്ന് കമ്മീഷന്‍ പറഞ്ഞു. സമാധാനപരമായി നടത്തിയ സമരം അക്രമത്തില്‍ കലാശിച്ചത് പൊലീസിന്റെ ഇടപെടല്‍ മൂലമാണെന്നും കമ്മീഷന്‍ വിമര്‍ശിച്ചു.
ജൂണ്‍ 16 നും 18 നും ആണ് സമരക്കാര്‍ക്കെതിരെ പൊലീസ് നടപടി ഉണ്ടായത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി സമരക്കാര്‍ക്ക് പൊലീസ് നടപടിയില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. പൊലീസിന്റെ നടപടിയെ സര്‍ക്കാരും പൊലീസ് മേധാവി ടി.പി സെന്‍കുമാറും ന്യായീകരിക്കുകയാണ് ഉണ്ടായത്. ജൂണ്‍ 17 ന് മെട്രോ ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷ ഒരുക്കാനായിരുന്നു 16 ന് പൊലീസ് സമരക്കാരെ തല്ലിച്ചതച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.