മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്ന് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം : സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ ഫീസ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും ഫീസ് വര്‍ധന ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ് ആരോഗ്യമന്ത്രിക്ക് കത്തുനല്‍കി.
കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ എംബിബിഎസ് കോഴ്‌സുകളുടെ ഫീസ് നിരക്ക് നശ്ചയിച്ചത്. ജസ്റ്റിസ് രാജേന്ദ്ര ബാബു അധ്യക്ഷനായ ഫീസ് നിര്‍ണയ സമിതിയാണ് ഫീസ് നിശ്ചയിച്ചത്. 85 ശതമാനം സീറ്റുകളില്‍ അഞ്ചര ലക്ഷം രൂപയും എന്‍ആര്‍ഐ സീറ്റുകളില്‍ 20 ലക്ഷം രൂപയുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഇതിലൂടെ സര്‍ക്കാര്‍ ഫീസ് ഏകീകരിക്കുകയും ചെയ്തു.
ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷവും എസ്എഫ്‌ഐ, എഐഎസ്എഫ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഫീസ് ഘടന അംഗീകരിക്കില്ലെന്ന നിലപാടിലാണ് സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍. പത്ത് ലക്ഷം രൂപവേണമെന്ന സ്വാശ്രയ മാനേജ്‌മെന്റുകളുടെ ആവശ്യം തള്ളിയാണ് സര്‍ക്കാര്‍ അഞ്ചരലക്ഷം ഫീസ് നിശ്ചയിച്ചിരിക്കുന്നത്.