ശിക്ഷാ ഇളവ് നല്‍കുന്നവരില്‍ ബലാത്സംഗ കേസിലെ പ്രതികൾ

തിരുവനന്തപുരം: ജയില്‍ ശിക്ഷയില്‍ ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നവരില്‍ മാനഭംഗ കേസുകളിലും ലൈംഗികാതിക്രമ കേസുകളിലും ശിക്ഷിക്കപ്പെട്ടവരും. വനിതാദിനമായ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യമെന്നും റിപ്പോര്‍ട്ട് . മാനഭംഗ കേസുകളില്‍ ശിക്ഷയനുഭവിക്കുന്ന അഞ്ചുപേരെയും സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍, ആത്മഹത്യാ പ്രേരണ, കഠിന ദേഹോപദ്രവം, വഞ്ചന തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 11 പേരെയുമാണു ശിക്ഷാ ഇളവു നല്‍കി കാലാവധിക്കു മുന്‍പേ മോചിപ്പിക്കാന്‍ പരിഗണിക്കുന്നത്.
ശിക്ഷാ കാലാവധി പൂര്‍ത്തിയാകാത്ത 32 തടവുകാരെ ഈ സര്‍ക്കാര്‍ അധികാരത്തിലേറി എട്ടു മാസത്തിനിടെ മോചിപ്പിച്ചതായും വി.കെ.ഇബ്രാഹിംകുഞ്ഞിനു രേഖാമൂലം നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തി. ഇതില്‍ 31 പേരും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ്. ഒരാള്‍ മാനഭംഗ കേസിലും. ഇതില്‍ 13 പേരും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ തടവുകാരാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഏഴുപേരെയും നെട്ടുകാല്‍ത്തേരിയില്‍നിന്ന് അഞ്ചുപേരെയും മോചിപ്പിച്ചിട്ടുണ്ട്. ആകെ 44 തടവുകാര്‍ക്കു ശിക്ഷാ ഇളവു നല്‍കാനാണു ജയില്‍ ഉപദേശകസമിതി ശുപാര്‍ശ. ഇതില്‍ 17 പേര്‍ കൊലക്കേസില്‍ തടവ് അനുഭവിക്കുന്നവരാണ്. അബ്കാരി കേസുകളിലുള്ള ആറുപേരും വധശ്രമ കേസുകളിലെ മൂന്നുപേരും കൈക്കൂലി കേസിലെ രണ്ടു പേരും ഈ പട്ടികയിലുണ്ടെന്നു മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു.