കാവ്യാമാധവന്‍റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് പ്രഫൈല്‍: പ്രതി പിടിയില്‍

കൊച്ചി: സിനിമാതാരം കാവ്യ മാധവന്റെ പേരില്‍ വ്യാജഫെയ്സ്ബുക്ക് പേജ് ഉണ്ടാക്കിയതിനും ദുരുപയോഗം ചെയ്തതിനും യുവാവ് അറസ്റ്റില്‍. പന്തളം സ്വദേശി അരവിന്ദ് ബാബുവിനെയാണ് അസി. കമ്മിഷണര്‍ ബാബുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
പ്രതികളെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്നും ഒരാളും ഇത്തരത്തില്‍ അപമാനിക്കപ്പെടരുതെന്നും കാവ്യ മാധവന്‍ പ്രതികരിച്ചു. കാവ്യ തന്നെയാണ് കമ്മിഷണര്‍ എം.പി. ദിനേശിന് പരാതി നല്‍കിയത്. ഡി.സി.പി അരുള്‍ കൃഷ്ണയുടെ നേതൃത്വത്തിലാണ് സൈബര്‍ പോലീസ് കേസില്‍ അന്വേഷണം നടത്തിയത്. പേജിന്റെ യഥാര്‍ത്ഥ ഉടമകളെ കണ്ടെത്താന്‍ ഫെയ്സ്ബുക്ക് ആസ്ഥാനവുമായി പോലീസ് ബന്ധപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് 13 അക്കൗണ്ടുകള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.
നടിയുടെ ചിത്രവും പേരും ഉപയോഗിച്ചതിന് പുറമെ, അപകീര്‍ത്തികരമായ പോസ്റ്റുകളും അശ്ലീല കമന്റുകളും പ്രൊഫൈലിലൂടെ അരവിന്ദ് നിരന്തരം പ്രചരിപ്പിച്ചതായി പോലീസ് പറഞ്ഞു. നാല് വര്‍ഷമായി ഇയാള്‍ അക്കൗണ്ട് ഉപയോഗിക്കുന്നുണ്ട്.
12 വ്യാജ അക്കൗണ്ടുകളുടെ യഥാര്‍ത്ഥ ഉടമസ്ഥരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണെന്നും ഉടനെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
തനിക്ക് ഫെയ്സ്ബുക്ക് അക്കൗണ്ടില്ലെന്നും ഒരു ഒഫീഷ്യല്‍ പേജ് മാത്രമാണ് ഉള്ളതെന്നും കാവ്യ പറഞ്ഞു. കുടുംബാംഗങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടാകുന്ന വിധത്തില്‍ പോസ്റ്റുകള്‍ ശ്രദ്ധയില്‍ പ്പെട്ടപ്പോഴാണ് കേസുമായി മുന്നോട്ട് പോയത്.