സുരേഷ്കുമാര്‍ നാളെ സ്വയം വിരമിക്കും

തിരുവനന്തപുരം: രണ്ടുവര്‍ഷം കാലാവധി ബാക്കി നില്‍ക്കേ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ശ്രദ്ധേയനായ കെ സുരേഷ്കുമാര്‍ ഐഎഎസില്‍ നിന്നും സ്വയം വിരമിക്കുന്നു. നാളെ അദ്ദേഹം പടിയിറങ്ങും. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട മൂന്ന് പ്രധാന ഉദ്യോഗസ്ഥരില്‍ ഒരാളായിട്ടായിരുന്നു സുരേഷ്കുമാര്‍ ശ്രദ്ധേയനായത്.
ഡിപിഇപിയുടെ ആദ്യ ഡയറക്ടര്‍ എന്ന ഖ്യാതിയുള്ള അദ്ദേഹം 27 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാണ് നാളെ വിരമിക്കുന്നത്. നിലവില്‍ ഒദ്യോഗിക ഭാഷാ വകുപ്പിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അദ്ദേഹം 11 മാസമായി അവധിയിലാണ്. നാലു മാസം മുന്പ് സ്വയം വിരമിക്കലിനുള്ള അപേക്ഷ നല്കിയിരുന്നു. അപേക്ഷയില്‍ കഴിഞ്ഞ ദിവസഗ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു.
സര്‍വീസ് കാലയളവില്‍ ഒന്നര പതിറ്റാണ്ടും അദ്ദേഹം വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ടായിരുന്നു പ്രവര്‍ത്തിച്ചത്. ഹയര്‍ സെക്കണ്ടറി, വിഎച്ച് എസ്‌ഇ, എസ് സി ഇആര്‍ടി, മലയാളം വിഷന്‍ എന്നിവയുടെ ഡയറക്ടറായിരുന്ന അദ്ദേഹം ഓണ്‍ലൈന്‍ ലോട്ടറികളെ നാടു കടത്തിയ ലോട്ടറി ഡയറക്ടര്‍ കൂടിയായിരുന്നു.