പ്രതീകാത്മക കുഴിമാടം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

പാലക്കാട്: വിക്ടോറിയ കോളജ് പ്രിന്‍സിപ്പല്‍ സര്‍വീസില്‍ നിന്നു വിരമിക്കുന്ന ദിവസം കോളജ് ഓഫിസിനുസമീപം പ്രതീകാത്മക കുഴിമാടം നിര്‍മ്മിച്ച് റീത്ത് വെച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. സംഭവത്തെക്കുറിച്ചു രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവി, കോളജ് വിദ്യദ്യഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദേശം നല്‍കി.
പാലക്കാട് മുടപ്പല്ലൂര്‍ സ്വദേശി കെ.വി. പ്രസന്നകുമാര്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നടപടി. പ്രിന്‍സിപ്പലിനെ മന:പൂര്‍വം അവഹേളിക്കുന്നതിന്റെ ഭാഗമായാണു കുഴിമാടം നിര്‍മിച്ചതെന്നും സംഭവത്തില്‍ ക്യാംപസിനകത്തും പുറത്തുമുള്ളവര്‍ക്കു ബന്ധമുണ്ടെന്നും പരാതിയില്‍ പറയുന്നു. ഒരു വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ ഇരയാണ് 26 വര്‍ഷം കോളജ് അധ്യാപികയും പിന്നീടു പ്രിന്‍സിപ്പലുമായ ടി.എന്‍. സരസു.പ്രിന്‍സിപ്പലിന്റെ പരാതിയില്‍ പൊലീസ് നിസ്സാര വകുപ്പുകള്‍ അനുസരിച്ചാണു കേസെടുത്തതെന്നു പരാതിയില്‍ ആരോപിക്കുന്നു. കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് നേരത്തെ നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.