യുവാവ് വെട്ടേറ്റു മരിച്ച സംഭവം: ഭാര്യാ സഹോദരന്‍ കസ്റ്റഡിയില്‍


വടക്കഞ്ചേരി: മഞ്ഞപ്രചിറ ഹൈസ്‌കൂളിനുസമീപം യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഭാര്യാ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരേതനായ വേലായുധന്റെ മകന്‍ സുരേഷാണ് (40) വടക്കഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഷൊര്‍ണൂര്‍ കുളപ്പുള്ളി പരേതനായ അശോകന്റെ മകന്‍ മണി (35)യാണ് ഇന്നലെ രാത്രി പത്തോടെ കൊല്ലപ്പെട്ടത്. മണി സുരേഷിന്റെ ഇളയസഹോദരി സുനിതയുടെ ഭര്‍ത്താവാണ് . മണിയും സുനിതയും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി വീട്ടില്‍ സൂക്ഷിച്ച മൃതദേഹം ഇന്നുരാവിലെ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. ആലത്തൂര്‍ സിഐ റാഫി, വടക്കഞ്ചേരി എസ്ഐ ബി.ഷാജിമോന്‍, എഎസ്ഐ ഗോപകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. ഓടിട്ട വീടിന്റെ ഇടതുവശത്തെ മുറിയിലായിരുന്നു കൊലപാതകം അരങ്ങേറിയത്. മണിയുടെ മൂത്തമകള്‍ അഞ്ചുവയസുള്ള ദിത്യയ്ക്കൊപ്പം മുറിയില്‍ ടിവി കണ്ടു കിടക്കുന്നതിനിടെയാണ് കൊടുവാളുമായി അകത്തുകയറിയ സുരേഷ് മണിയുടെ കഴുത്തില്‍ തുരുതുരാ വെട്ടിയത്.
കഴുത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. 'മാമ്മാ വേണ്ടാ വേണ്ടാ...' എന്ന് ദിത്യ കരഞ്ഞു പറഞ്ഞെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ കൃത്യം നടന്നിരുന്നു. കുട്ടിയുടെ ശരീരത്തിലേക്കും രക്തം തെറിച്ചു. പാന്റും ടീഷര്‍ട്ടും ധരിച്ച് കമിഴ്ന്നാണ് മൃതദേഹം കിടന്നിരുന്നത്. മുറിക്കുള്ളില്‍ രക്തം തളംകെട്ടിയ നിലയിലായിരുന്നു. ഇതിനു പുറമേ ചുമരിലും രക്തം തെറിച്ച പാടുകളുണ്ട്.
ഷൊര്‍ണൂര്‍ കുളപ്പുള്ളി സ്വദേശിയായ മണി കുറച്ചുകാലമായി കണ്ണൂര്‍ എടക്കാട് വാടകയ്ക്ക് താമസിച്ച് കെട്ടിടനിര്‍മാണ തൊഴില്‍ ചെയ്യുകയാണ്. കുടുംബത്തോടൊപ്പം വിഷു ആഘോഷിക്കാനായി 13നാണ് മഞ്ഞപ്രചിറയിലുള്ള ഭാര്യാവീട്ടിലെത്തിയത്. ദിത്യയെ കൂടാതെ ദിയ എന്നു മൂന്നുവയസുകാരിയായ മകളുമുണ്ട്.

You might also like

Most Viewed