ബാഹുബലിയുടെ സിനിമാചിത്രീകരണത്തിനായി വനനിയമം ലംഘിക്കുന്നു: ആദിവാസി കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്

ബാഹുബലിയുടെ സിനിമാചിത്രീകരണത്തിനായി വനനിയമം ലംഘിക്കുന്നുവെന്ന് ആരോപിച്ച് കണ്ണൂര്‍ കണ്ണവം-കോളയാട് മേഖലയില്‍ ആദിവാസി കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്. ബാഹുബലി രണ്ടാം ഭാഗത്തിന്റെ സുപ്രധാന രംഗങ്ങള്‍ കണ്ണൂര്‍ കണ്ണവം വനത്തിലെ പെരുവയില്‍ചിത്രീകരിക്കാനിരിക്കെയാണ് വിവിധ ആദിവാസി സംഘടകളെ ഏകോപിപ്പിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം പ്രതിഷേധത്തിന് ഒരുങ്ങുന്നത്. പരിസ്ഥിതി സംരക്ഷണം ചൂണ്ടിക്കാട്ടി ആദിവാസി ഊരുകളിലെ വികസനപദ്ധതികളെ എതിര്‍ക്കുന്ന വനംവകുപ്പ് പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തി കാട് ചിത്രീകരണത്തിനായി വിട്ടുനല്‍കിയിരിക്കുകയാണെന്ന് കോളയാട് പഞ്ചായത്ത് മുന്‍ അംഗം റോയ് പൗലോസ് പറഞ്ഞു. ആദിവാസി സംരക്ഷണ സമിതി, കുറിച്യ മുന്നേറ്റ സമിതി എന്നീ സംഘടനകളെ കൂടി ഏകോപിപ്പിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്കാണ് ആദിവാസി കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. ബാഹുബലി സിനിമയ്‌ക്കെതിരെയല്ല വനംവകുപ്പിന്റെ ഇരട്ടത്താപ്പിനെതിരെയാണ് പ്രതിഷേധമെന്നും ഇവര്‍ അറിയിക്കുന്നു.