ബാര്‍ കോഴ ; കേസ് ഡയറി ഹാജരാക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ കേസ് ഡയറി ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചു. വസ്തുതാ വിവര റിപ്പോര്‍ട്ടും ഹാജരാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസ് വിശദമായ വാദം കേള്‍ക്കുന്നതിന് ഫെബ്രുവരി 16ന് പരിഗണിക്കും.
എസ്.പി സുകേശന്‍ നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് കോടതി കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്. കെ.എം മാണിയ്‌ക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്ന വാദം ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് എസ്പി ആര്‍. സുകേശന്റെ റിപ്പോര്‍ട്ട്. കെ.എം. മാണി കോഴ ചോദിച്ചതിനോ വാങ്ങിയതിനോ നേരിട്ടു തെളിവില്ലെന്നു സമ്മതിക്കുന്ന റിപ്പോര്‍ട്ടില്‍ ഏക ദൃക്‌സാക്ഷിയായ അമ്പിളിയുടെ മൊഴി പൂര്‍ണമായും അന്വേഷണസംഘം തള്ളിയിരുന്നു.