കണ്ടക്ടര്‍ക്കെതിരെയുള്ള ശിക്ഷാനടപടി അവസാനിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നു ദയാബായി

കെഎസ്ആര്‍ടിസി ബസില്‍ തന്നോട് മോശമായി പെരുമാറിയ കണ്ടക്ടര്‍ക്കെതിരെയുള്ള ശിക്ഷാനടപടി അവസാനിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നു സാമൂഹിക പ്രവര്‍ത്തക ദയാബായി. നങ്ങളെ ദൈവമായി കണ്ടു സേവനം ചെയ്യേണ്ട സര്‍ക്കാര്‍ ജീവനക്കാരന്‍ ധിക്കാരപരമായി പെരുമാറിയപ്പോള്‍ മനസു നൊന്തു. ഇതുപോലുള്ള അനുഭവം പാവപ്പെട്ടവര്‍ക്ക് ഉണ്ടാകരുതെന്നു കരുതിയാണു തന്റെ അനുഭവം പരസ്യമാക്കിയത്. പലരും വിളിച്ച് ആശ്വസിപ്പിച്ചു. മന്ത്രിമാരും ചലച്ചിത താരങ്ങളും വരെ വിളിച്ചു. മാധ്യമങ്ങളും ജനങ്ങളും പിന്തുണച്ചു. ജീവനക്കാരനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. കുറ്റക്കാരനായ വ്യക്തി 12 വയസുള്ള പെണ്‍കുട്ടിയുടെ രക്ഷിതാവും കുടുംബത്തിന്റെ ആലംബവുമാണെന്നു പിന്നീടാണ് അറിഞ്ഞത്. എന്റെ പരാതിയില്‍ ആ കുടുംബം നാണക്കേടു സഹിക്കുന്നതു താങ്ങാനാവുന്നില്ലെന്നും പൊതുസമൂഹത്തില്‍ നിന്നു ലഭിച്ച പ്രതികരണങ്ങള്‍ തന്നെ ആ മനുഷ്യനുള്ള ശിക്ഷയായതിനാല്‍ ഇതില്‍ നിന്നു പാഠമുള്‍ക്കൊണ്ടു പുതിയ പെരുമാറ്റരീതിയും മര്യാദയും അദ്ദേഹത്തിനുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും ദയാബായി പറഞ്ഞു. കേരളത്തിലെ ബസ് യാത്രകള്‍ ഇപ്പോഴും ദുഷ്‌കരമാണ്. സര്‍ക്കാര്‍ എടുത്ത നടപടി മാതൃകാപരമാണ്. ജനങ്ങളുമായി ഇടപെടുന്ന ഏതൊരു സര്‍ക്കാരുദ്യോഗസ്ഥനും ഇത് അനുഭവപാഠമായി എടുക്കണം. തൊഴില്‍ അന്നമാണ്. അതിനെ നിന്ദിക്കുന്നതു നല്ലതല്ല.പാലായില്‍ 22-ന് ആര്‍.വി. തോമസ് പുരസ്‌കാര സ്വീകരണ ചടങ്ങിനെത്തുമ്പോള്‍ കണ്ടക്ടറുടെ ശിക്ഷാനടപടി അവസാനിപ്പിക്കണമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് ആവശ്യപ്പെടുമെന്ന് ദയാബായി അറിയിച്ചു. തിരുവഞ്ചൂരാണു ദയാബായിക്കു പുരസ്‌കാരം സമ്മാനിക്കുന്നത്.