അടുത്ത തീര്‍ഥാടനകാലം മുതല്‍ ശബരിമലയിലും പമ്പയിലും ദേവസ്വം ബോര്‍ഡ് അന്നദാനം നടത്തും


ശബരിമല: അടുത്ത തീര്‍ഥാടനകാലം മുതല്‍ ശബരിമലയിലും പമ്പയിലും ദേവസ്വം ബോര്‍ഡ് അന്നദാനം നടത്തുമെന്ന് മെംബര്‍ അജയ് തറയില്‍. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം ബോര്‍ഡ് കൈക്കൊണ്ടിരിക്കുന്നത്. ഒരേസമയം 2,000 പേര്‍ക്ക് ആഹാരം കൊടുക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. സന്നിധാനത്തെയും മാളികപ്പുറത്തിനു പിന്‍ഭാഗത്തുള്ള സ്ഥലത്താണ് അന്നദാനമണ്ഡപം നിര്‍മിക്കുന്നത്. അയ്യപ്പഭക്തരായ ശബരി ഗ്രൂപ്പിന്റെ അന്നദാന മണ്ഡപത്തിന്റെ നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാകും. ഇതിനോടു ചേര്‍ന്ന് മറ്റൊരു മണ്ഡപംകൂടിയാണ് നിര്‍മിക്കുന്നത്. ചിങ്ങ മാസത്തില്‍ നട തുറക്കുമ്പോള്‍ തിരുവോണസദ്യ പുതിയ മണ്ഡപത്തില്‍ നല്‍കാനുള്ള യുദ്ധകാലാടിസ്ഥാനത്തിലാണ് പണികള്‍ പുരോഗമിക്കുന്നത്. ആധുനിക രീതിയില്‍ നിര്‍മിക്കുന്ന മണ്ഡപത്തില്‍ എല്ലാവിധ സൌകര്യങ്ങളും ഒരുക്കും. ഇതോടൊപ്പം ഈ തീര്‍ഥാടനകാലം കഴിയുന്ന മുറയ്ക്ക് ശബരിമലയില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കും. കൊച്ചിയിലെ മെട്രോ റെയില്‍വേ നിര്‍മിക്കുന്ന ഡിഎംആര്‍സിയുടെ സാങ്കേതിക ചുമതലയില്‍ ഒരു മേല്‍പാലംകൂടി ശബരിമലയില്‍ നിര്‍മിക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. നിലയ്ക്കല്‍-പമ്പ റോഡ് നാലുവരിയാക്കാന്‍ നവീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്തുമെന്നും അജയ് തറയില്‍ പറഞ്ഞു. ശബരിമലയില്‍ യൌവനയുക്തകളായ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ല. ഇതിനായി ശക്തമായ നിയമപോരാട്ടം ദേവസ്വംബോര്‍ഡ് നടത്തുമെന്നും മെംബര്‍ പറഞ്ഞു.

You might also like

  • Straight Forward

Most Viewed