പാര്‍ട്ടിയുമായി ആലോചിച്ച് മന്ത്രി സ്ഥാനത്തേക്ക് മടങ്ങിവരുന്നതില്‍ തീരുമാനമെടുക്കുമെന്ന് കെ.എം.മാണി

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ തീരുമാനമായാല്‍ പാര്‍ട്ടിയുമായി ആലോചിച്ച് മന്ത്രി സ്ഥാനത്തേക്ക് മടങ്ങിവരുന്നതില്‍ തീരുമാനമെടുക്കുമെന്ന് കെ.എം.മാണി. ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന വിജിലന്‍സിന്റെ കണ്െടത്തല്‍ നേരിന്റെ തെളിവാണ്. സത്യം തെളിയിച്ചുകൊണ്ട് മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരുന്നകാര്യം പാര്‍ട്ടിതലത്തിലാണ് ആലോചിച്ച് തീരുമാനിക്കേണ്ടത്. അതിനാല്‍ പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക-കെ.എം.മാണി പറഞ്ഞു. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് ബുധനാഴ്ചയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി ആര്‍. സുകേശനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോടതി ഇന്നു റിപ്പോര്‍ട്ട് പരിഗണിക്കാനിരിക്കെയാണ് മാണിയുടെ പ്രതികരണം. തുടരന്വേഷണത്തില്‍ കോഴ ആരോപണം സംബന്ധിച്ചു തെളിവുകളൊന്നും ലഭിച്ചില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണു വിജിലന്‍സ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആരോപണം ഉന്നയിച്ച ബിജു രമേശ് നല്‍കിയ ശബ്ദരേഖകള്‍ അടങ്ങിയ സിഡി പല തവണ എഡിറ്റ് ചെയ്തിട്ടുള്ളവ ആയതിനാല്‍ ഇവ പരിശോധിക്കേണ്ട ആവശ്യമില്ല. മൊബൈല്‍ ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണ റിപ്പോര്‍ട്ടുകളിലെ കണ്െടത്തലുകളും മൊഴികളും തമ്മില്‍ വൈരുധ്യമുള്ളതിനാല്‍ അവ പരിഗണിക്കാനാകില്ലെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി. ബിജു രമേശിന്റെ മൊബൈല്‍ ഫോണിന്റെ കാര്യത്തിലും മൊഴിയുമായി ചേര്‍ച്ചയില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കണമെന്നാണ് ആവശ്യം. നിരപരാധിയെന്നു തെളിഞ്ഞാല്‍ മാണിക്കു മന്ത്രിസഭയില്‍ മടങ്ങിയെത്താമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കാന്‍ മാണി തയാറായില്ല. മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ നിലപാടാണ്. കോടതിയില്‍ ഇരിക്കുന്ന വിഷയം എന്ന നിലയില്‍ താന്‍ കൂടുതല്‍ അഭിപ്രായമൊന്നും പറയുന്നില്ലെന്നും മാണി പറഞ്ഞു. മാണി മന്ത്രിസഭയിലേക്കു മടങ്ങിയെത്തണമെന്ന് കേരള കോണ്‍ഗ്രസ്- ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു. മാണിയെ നേരില്‍ക്കണ്ടാണ് ജോണി നെല്ലൂര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.