കണ്ണൂരിൽ രാഷ്ട്രപിതാവിന്‍റെ 100 സ്തൂപങ്ങൾ സ്ഥാപിക്കുമെന്ന് കെ. സുധാകരൻ

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്തൂപം തകർത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെ.പി.സി.സി മുൻ അധ്യക്ഷൻ കെ. സുധാകരൻ. ഇന്ത്യാ രാജ്യത്ത് ഗാന്ധി സ്തൂപം സ്ഥാപിക്കാൻ സി.പി.എമ്മിന്‍റെ അനുമതി വേണ്ടെന്നും കണ്ണൂർ ജില്ലയിൽ രാഷ്ട്രപിതാവിന്‍റെ 100 സ്തൂപങ്ങൾ സ്ഥാപിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു. അക്രമങ്ങൾ നടന്ന സ്ഥലങ്ങളിലെല്ലാം ഗാന്ധി സ്തൂപങ്ങൾ സ്ഥാപിക്കുമെന്നും അതിനെ സംരക്ഷിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. അക്രമങ്ങൾ കാണിക്കുന്നത് വിവരംകെട്ട ഒരു രാഷ്ട്രീയ പാർട്ടിയുടെ പതനമാണ്. ഗാന്ധി സ്തൂപങ്ങൾ സ്ഥാപിക്കാനും സംരക്ഷിക്കാനും തന്‍റേടവും നട്ടെല്ലുമുള്ള കോൺഗ്രസുകാർ കണ്ണൂരിലുണ്ട്. 'മറന്നുകളിച്ചാൽ ആ മറവി നിങ്ങൾക്ക് ദോഷം ചെയ്യു'മെന്ന് അണികളെയും ഗുണ്ടകളെയും പ്രോത്സാഹിപ്പിക്കുന്ന സി.പി.എം നേതാക്കളെ ഓർമിപ്പിക്കുകയാണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.
നിസാര കാരണത്തിൽ കണ്ണൂർ ജില്ല മുഴുവൻ സി.പി.എം അക്രമങ്ങൾ വ്യാപിപ്പിക്കുകയാണ്. എന്താണ് സി.പി.എമ്മിന്‍റെ ലക്ഷ്യമെന്ന് അറിയില്ല. സംസ്ഥാന നേതൃത്വം അറിഞ്ഞു കൊണ്ടാണോ അക്രമം നടത്തുന്നതെന്ന് സി.പി.എം വ്യക്തമാക്കണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചെങ്കോട്ടയായിരുന്ന കണ്ണൂരിൽ കോൺഗ്രസ് ത്രിവർണ പതാക പാറിപ്പിച്ചതാണ്. കോൺഗ്രസ് കണ്ണൂരിൽ അധികാരത്തിൽ വന്നിട്ടുണ്ടെന്ന ഓർമ സി.പി.എമ്മിനുണ്ടാകണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.
cdsdss