റബര്‍ വിലയിടിവ്: അടിയന്തര നടപടി ആവശ്യപെട്ട് ജോസ് കെ മാണി അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്



പാല: കര്‍ഷകരുടെ നടുവൊടിക്കുന്ന റബര്‍ വിലയിടിവ് പ്രശ്‌നത്തില്‍ കടുത്ത നടപടികളുമായി കേരളാ കോണ്‍ഗ്രസ് (എം). റബര്‍ വിലയിടിവു പ്രശ്‌നത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി എം പി 18 മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് . കോട്ടയത്ത് ഗാന്ധി പ്രതിമയ്ക്കു സമീപമാണ് നിരാഹാരം. ഇന്നലെ ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കിലോയ്ക്ക് 250 രൂപയില്‍ നിന്നിരുന്ന റബര്‍ വില ഇന്ന് നൂറില്‍ത്താഴെയാണ്. ഇതുമൂലം വന്‍ പ്രതിസന്ധിയാണ് കര്‍ഷകര്‍ നേരിടുന്നത്. ടാപ്പിംങ് കൂലി പോലും കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നില്ല.

റബര്‍ ഇറക്കുമതി പൂര്‍ണമായി നിരോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിദേശ വിപണിയില്‍ നിന്നു റബര്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഇന്ത്യന്‍ വിപണിയിലേക്ക് വന്‍കിട വ്യാപാരികള്‍ ഇറക്കുമതി ചെയ്തതാണ് വിലിയിടിവിന്റെ പ്രധാന കാരണം. റബര്‍ ബോര്‍ഡ് അടിയന്തിരമായി പുനസംഘടിപ്പിച്ച് ചെയര്‍മാന്‍ അടക്കം നയതീരുമാനങ്ങളെടുക്കാന്‍ സാധിക്കുന്ന സംവിധാനവും കാലതാമസമില്ലാതെ രൂപീകരിക്കണം.

റബര്‍ വില സ്ഥിരതാ ഫണ്ടില്‍ നിന്ന് 2016 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബില്ലുകള്‍ക്ക് ഒറ്റത്തവണയായി പണം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു. റബര്‍ വില 200 രൂപയിലെത്തുന്നതുവരെ കര്‍ഷകര്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കുന്ന സകലവിധ നികുതികളും ഒഴിവാക്കാന്‍ അടിയന്തര നടപടിയെടുക്കുക, രണ്ടു ഹെക്ടര്‍ വരെയുള്ള റബര്‍ കൃഷിഭൂമിയുടെ എല്ലാവിധ നികുതികളും പൂര്‍ണമായും ഒഴിവാക്കുക, ചെറുകിട റബര്‍ കര്‍ഷകര്‍ വാണിജ്യ സഹകരണ ബാങ്കുകളില്‍ നിന്നെടുത്തിരിക്കുന്ന കാര്‍ഷിക ഭവന നിര്‍മ്മാണ വിദ്യാഭ്യാസ വായ്പകള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് മെറട്ടോറിയം പ്രഖ്യാപിക്കുകയും ഈ കാലയളവില്‍ ഇത്തരം വായ്പകളുടെ പലിശ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു.

റബറിന് കിലോയ്ക്ക് കുറഞ്ഞത് 200 രൂപ ഉറപ്പാക്കുന്നതിന് കേന്ദ്ര വില സ്ഥിരഫണ്ടില്‍ നിന്ന് 500 കോടി രൂപ അനുവദിക്കുക എന്നതാണ് ആവശ്യം. റബര്‍ വില 150 രൂപ ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റിലൂടെ 300 കോടി രൂപ അനുവദിക്കുകയുണ്ടായി. വില സ്ഥിരതാ ഫണ്ടില്‍ നിന്നു കേന്ദ്രം 500 കോടി അനുവദിച്ചാല്‍ കിലോയ്ക്ക് 200 രൂപ ഉറപ്പാക്കാന്‍ കഴിയും. റബറിന് ന്യായമായ വില ലഭിച്ചിരുന്ന സമയത്ത് കര്‍ഷകരില്‍ നിന്ന് സമാഹരിച്ചിരുന്ന കോടികണക്കിനു രൂപ വിലസ്ഥിരതാ ഫണ്ട് എന്ന നിലയില്‍ കേന്ദ്രത്തില്‍ കെട്ടികിടക്കുകയാണ്. ഈ ഫണ്ടില്‍ നിന്നു 500 കോടി രൂപ കര്‍ഷകര്‍ക്ക് നേരിട്ട് സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതിനായി അനുവദിക്കണമെന്നാണ് ആവശ്യം. ഈ ഫണ്ട് ആരുടെയും ഔദാര്യമല്ല. കര്‍ഷകരുടെ അവകാശമാണെന്നു യോഗം വിലയിരുത്തി.

You might also like

  • Straight Forward

Most Viewed