25 വർഷമായി മാമോദീസ പ്രാർത്ഥന തെറ്റിച്ച് ചൊല്ലിയ പുരോഹിതൻ രാജിവെച്ചു

25 വർഷമായി മാമോദീസ പ്രാർത്ഥന തെറ്റിച്ച് ചൊല്ലിയ പുരോഹിതൻ രാജിവെച്ചു. അരിസോണയിലെ ഫിനിക്സ് രൂപതയിലെ ആൻട്രസ് അരാൻഗോ എന്ന പുരോഹിതനാണ് മാമോദീസ സമയത്തെ പ്രാർത്ഥന തെറ്റിച്ചു ചൊല്ലിയതിന്റെ പേരിൽ രാജി വെച്ചത്.
‘ഞാൻ നിന്നെ സ്‌നാനപ്പെടുത്തുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് ശുശ്രുഷ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ പുരോഹിതൻ ‘ഞങ്ങൾ നിങ്ങളെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിക്കുന്നു’ എന്ന് പറഞ്ഞാണ് ആരംഭിച്ചത്. ‘ഞാൻ’ എന്നതിന് പകരം ‘ഞങ്ങൾ’ എന്ന് പദമാണ് അദ്ദേഹം ഉപയോഗിച്ചത്.
കത്തോലിക്ക സഭയുടെ വിശ്വാസ പ്രകാരം യേശു ക്രിസ്തുവിന് മാത്രമേ സ്നാനം നടത്താൻ അധികാരമുള്ളൂ. അല്ലാതെ സമൂഹത്തിനോ സഭയക്കോ ഇല്ലെന്നാണ് പറയുന്നത്. ഗുരുതരമായ പിഴവ് ആരാധാനാലയ അധികൃതർ കണ്ടെത്തിയതോടെ പുരോഹിതൻ മാപ്പ് അപേക്ഷിച്ച് രാജിവെയ്ക്കുകയായിരുന്നു.
എന്നാൽ പുരോഹിതൻ രാജി വെച്ചാലും പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്നാണ് വിശ്വാസികൾ പറയുന്നത്. 25 വർഷത്തോളമായി പുരോഹിതന്റെ കാർമികത്വത്തിൽ നടന്ന മാമോദീസകളെല്ലാം അസാധുവായതോടെ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് വിശ്വാസികൾ. വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അരാംഗോയുടെ മാമോദീസ സ്വീകരിച്ചവരോ അവരുടെ കുട്ടികളെ സ്‌നാനപ്പെടുത്തിയവരോ സ്വമേധയാ മുന്നോട്ട് വരണമെന്ന് പള്ളി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.