അമേരിക്കയിൽ വംശീയത ഉന്മൂലനം ചെയ്യും; ഉത്തരവിൽ ബൈഡൻ ഒപ്പുവെച്ചു

വാഷിംഗ്ടൺ: അമേരിക്കയിൽ വംശീയത ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള നിയമനിർമാണങ്ങൾക്ക് പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകി. ഇത് സംബന്ധിച്ച ഉത്തരവിൽ ബൈഡൻ ഒപ്പുവെച്ചു. അമേരിക്കയുടെ നാൽപ്പത്തിയാറാം പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡൻ തന്റെ മുഖ്യ അദ്ധ്യക്ഷ പരിപാടികൾ പ്രഖ്യാപിക്കുന്പോൾ, കഴിഞ്ഞ മെയിൽ മിനിയാപൊളിസിൽ വർഗ്ഗവെറിക്ക് ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡിനെ പരാമർശിച്ചിരുന്നു. ഈ കൊലപാതകം, നീതിയുടെ കഴുത്തിൽ കാൽമുട്ട് വെച്ചതിന് തുല്യമാണെന്നാണ് ബൈഡൻ പറഞ്ഞത്. വംശീയവെറി മാത്രമല്ല, അമേരിക്ക നേരിടുന്ന സമസ്ത മേഖലകളിലെയും വിവേചനങ്ങൾക്ക് അവസാനം കുറിക്കുക കൂടിയാണ് ബൈഡന്റെ ലക്ഷ്യം. അമേരിക്കയുടെ രൂപീകരണത്തിന്റെ അടിസ്ഥാന തത്വം തന്നെ എല്ലാവരും തുല്യരാണ് എന്നതാണെന്നും, എന്നാൽ അതിലേക്ക് എത്താൻ അമേരിക്കൻ ജനതക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസിൽ പുതിയ നിയമനിർമാണങ്ങൾ പരിഗണിക്കവെ ബൈഡൻ പറഞ്ഞു.
രാജ്യം മുന്നോട്ടുവെക്കുന്ന ഈ മൂല്യത്തെ വളരെ ഇടുങ്ങിയതും ചുരുങ്ങിയതുമായാണ് അമേരിക്കൻ ജനത ഇത്രയും നാൾ കൊണ്ടുനടന്നത്. കറുത്തവർഗക്കാർ മാത്രമല്ല, ഏഷ്യൻ അമേരിക്കക്കാരും പസിഫിക്കുകാരും ഒക്കെ അനർഹരെ പോലെയാണ് അമേരിക്കയിൽ ജീവിക്കുന്നത്. ഇത് അംഗീകരിക്കാൻ സാധിക്കില്ലായെന്നും, ഇതിനെതിരെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.