കണക്ക് തിരുത്തി ചൈന: വുഹാനിൽ 1290 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു


ബെയ്ജിംഗ്: കോവിഡിന്റെ പ്രഭാവകേന്ദ്രമായ വുഹാനിലെ മരണസംഖ്യയിൽ 1290 മരണങ്ങൾ കൂടി കൂട്ടിച്ചേർത്ത് ചൈനീസ് ഭരണകൂടം. നേരത്തെ പല കാരണങ്ങൾ കൊണ്ട് റിപ്പോർട്ട് ചെയ്യപ്പെടാതെ പോയ കണക്കാണ് ഇതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതോടെ വുഹാനിലെ മാത്രം മരണസംഖ്യ 3869 ആയി. നേരത്തെ മരണപ്പെട്ടതിലും ഇരട്ടിയാളുകൾ വുഹാനിൽ മരിച്ചെന്നാണ് ഇതോടെ മനസിലാവുന്നത്. ചൈന കണക്കുകൾ മറച്ചുവയ്ക്കുകയാണെന്ന് അമേരിക്ക അടക്കമുള്ളവരുടെ ആരോപണം നിലനിൽക്കെയാണ് പുതുക്കിയ കണക്കുകൾ പുറത്തുവിട്ടത്.

രോഗബാധിതരുടെ കണക്കിലും 325 പേരെ ചൈന കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ ആകെ രോഗികൾ 50,333 ആയി. രോഗവ്യാപനം നിയന്ത്രണാതീതമായിരുന്ന ആദ്യ ഘട്ടത്തിൽ ചുരുക്കം ചില ആശുപത്രികളിൽ നിന്ന് സമയാസമയങ്ങളിൽ കൃത്യമായ കണക്കുകൾ ലഭ്യമായിരുന്നില്ല എന്നാണ് പുതിയ തിരുത്തിന് ചൈനീസ് അധികൃതർ നൽകുന്ന വിശദീകരണം.

വീണ്ടും കണക്കെടുപ്പ് നടത്തിയാണ് സംഖ്യകൾ പുതുക്കിയതെന്ന് അധികൃതർ പറഞ്ഞു. ചൈന, ഇറാൻ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം അവർ പുറത്തു വിട്ട കണക്കുകളേക്കാൾ ഭീകരമാണെന്ന് നേരത്തെ മുതൽ വിവിധ മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നുണ്ട്.

You might also like

  • Straight Forward

Most Viewed