ബ്രിട്ടനിൽ ദേശീയ ലോക്ക്ഡൗൺ മൂന്ന് ആഴ്ചത്തേക്ക് നീട്ടി

ലണ്ടൻ: ബ്രിട്ടനിൽ കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ദേശീയ ലോക്ക്ഡൗൺ മൂന്ന് ആഴ്ചത്തേക്ക് കൂടി നീട്ടി. രോഗവ്യാപനം വർധിച്ചിരിക്കുന്ന ഘട്ടത്തിൽ ലോക്ക്ഡൗണിൽ ഇളവ് വരുത്തുന്നത് പൊതുജനാരോഗ്യത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഹാനികരമാകുമെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് അറിയിച്ചു. രാജ്യത്ത് രോഗവ്യാപനത്തിന്‍റെ തോതിൽ കുറവ് വന്നിട്ടില്ല. മഹാമാരിയുടെ ഏറ്റവും അപകടരമായ ഘട്ടത്തിലാണ് രാജ്യം. നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താൻ തിരക്കുകൂട്ടിയാൽ ഇതുവരെ നമ്മൾ സഹിച്ച ത്യാഗങ്ങളും കൈവരിച്ച പുരോഗതിയും പാഴാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടനിൽ ഇന്നലെ മാത്രം 861 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13,729 ആയി ഉയർന്നു. രാജ്യത്ത് വ്യാഴാഴ്ച 4,617 പുതിയ കേസുകളാണ് ഉണ്ടായത്. രാജ്യത്ത് ഇതുവരെ 103,093 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.