സൈനിക നടപടി പാടില്ല, ഭീകരവാദത്തിനെതിരെ പാകിസ്ഥാൻ നടപടിയെടുത്തേ മതിയാകൂ: അമേരിക്ക


വാഷിംഗ്‍ടൺ: ഇന്ത്യ − പാക് ബന്ധം പോര് മുറുകിയ സാഹചര്യത്തിൽ സമാധാനശ്രമങ്ങൾക്കായി ഇടപെട്ട് അമേരിക്ക. പാകിസ്ഥാൻ ഭീകരക്യാംപുകൾക്കെതിരെ നടപടിയെടുത്തേ മതിയാകൂ എന്നും സൈനിക നടപടി പാടില്ലെന്നും അമേരിക്ക ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷിയുമായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വെവ്വേറെ ചർച്ച നടത്തി. 

ഇതേത്തുടർന്നാണ് അമേരിക്ക ഒരു പ്രസ്താവന പുറത്തിറക്കിയത്. മേഖലയിൽ സമാധാനം പാലിക്കണം. ഒരു തരത്തിലും സൈനിക നടപടി പാടില്ല. പ്രകോപനപരമായ പ്രസ്താവനകളോ നടപടികളോ മേഖലയിൽ നടത്തരുത്. അതിർത്തി മേഖലയിൽ ഉള്ള ഭീകരക്യാംപുകൾക്കെതിരെ ഉടനടി പാകിസ്ഥാൻ എടുത്തേ മതിയാകൂ.  മൈക്ക് പോംപിയോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇന്നലെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി ടെലിഫോണിൽ നടത്തിയ ചർച്ചയിൽ ഇന്ത്യൻ നിലപാട് അംഗീകരിക്കുന്നതായി അമേരിക്ക വ്യക്തമാക്കിയിരുന്നു. പക്ഷേ ഇനി സമാധാനം പാലിക്കണമെന്ന് അമേരിക്ക ഇന്ത്യയോടും ആവശ്യപ്പെടുന്നുണ്ട്. 

പാക് അത‍ി‌ർത്തി കടന്നുള്ള വ്യോമാക്രമണത്തിന്‍റെ സാഹചര്യം ഇന്ത്യ ചൈനയെ അറിയിച്ചിരുന്നു. ചൈനീസ് വിദേശകാര്യമന്ത്രിയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. ഇന്ന് നടക്കുന്ന ഇന്ത്യ−ചൈന−റഷ്യ പതിനാറാം ത്രികക്ഷി ചർച്ചക്ക് മുന്നോടിയായി നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. പാകിസ്ഥാനെതിരായ സൈനിക നീക്കമായിരുന്നില്ല ഇതെന്നും നടന്നത് ഭീകരവാദത്തിനെതിരായ നടപടിയാണെന്നും സുഷമ സ്വരാജ് വിശദീകരിച്ചു. പുൽവാമയിൽ ജയ്ഷ് ഇ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിൽ നാൽപ്പത് സി.ആ‌‌ർ.പി.എഫ് ജവാന്മാരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്നും വിദേശകാര്യ മന്ത്രി ഓ‌ർമ്മിപ്പിച്ചു. മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന് സുഷമ ആവശ്യപ്പെട്ടു. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ യു.എൻ സുരക്ഷാ സമിതിയിൽ ചൈന പല വട്ടം എതിര്‍ത്തിരുന്നു. 

You might also like

  • Straight Forward

Most Viewed