ആണവശേഷി വർദ്ധിപ്പിക്കുമെന്ന് ഉത്തര കൊറിയയുടെ ഭീഷണി

പ്യോംങ്യാംഗ് : ഉത്തര കൊറിയൻ പ്രതിസന്ധി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഏഷ്യൻ പര്യടനം ആരംഭിച്ചതിനു പിന്നാലെ ഉത്തരകൊറിയ നിലപാടു കടുപ്പിച്ചു. കൂടുതൽ അണ്വായുധങ്ങൾ സംഭരിക്കുമെന്നും അമേരിക്കയുമായി ചർച്ചയില്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി.
അന്തർദേശീയ സമ്മർദത്തിനു വഴങ്ങി അണവായുധ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ല. തങ്ങളുമായി നിരായുധീകരണ ചർച്ച നടത്താമെന്ന ദിവാസ്വപ്നം അമേരിക്ക ഉപേക്ഷിക്കുന്നതാണു നല്ലതെന്നും ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ പറഞ്ഞു. ശത്രുതാപരമായ സമീപനം അമേരിക്ക ഉപേക്ഷിക്കാത്തപക്ഷം സ്വയം പ്രതിരോധത്തിനായി കൂടുതൽ ശക്തമായ അണ്വായുധങ്ങൾ നിർമിക്കേണ്ടിവരുമെന്നും കെ.സി.എൻ.എ വ്യക്തമാക്കി.
അതേസമയം ട്രംപിന്‍റെ ഏഷ്യൻ സന്ദർശനം ഉത്തരകൊറിയൻ പ്രതിസന്ധി കൂടുതൽ വഷളാക്കിയേക്കുമെന്നും ആശങ്ക പരന്നിട്ടുണ്ട്.
ട്രംപ് കൊറിയൻ മേഖലയെ യുദ്ധത്തിന്‍റെ വക്കിലെത്തിച്ചെന്ന് ആരോപിച്ച് ദക്ഷിണകൊറിയൻ തലസ്ഥാനമായ സോളിൽ 500ലധികം പേർ പ്രകടനം നടത്തി. ‘ട്രംപ് വേണ്ട, യുദ്ധംവേണ്ട’ എന്നെഴുതിയ ബാനർ ഉയർത്തിയായിരുന്നു പ്രകടനം. അമേരിക്കൻ പ്രസിഡണ്ട് നാസി യൂണിഫോമിൽ നിൽക്കുന്ന ചിത്രവും ചിലർ പ്രദർശിപ്പിച്ചു. അതേസമയം ട്രംപിനെ സ്വാഗതം ചെയ്തുകൊണ്ട് എതിർ വിഭാഗവും പ്രകടനം നടത്തിയിരുന്നു.