ലബനീസ് പ്രധാനമന്ത്രി സാദ് ഹരീരി രാജിവെച്ചു

ബെയ്റൂട്ട് : ലബനീസ് പ്രധാനമന്ത്രി സാദ് അൽ ഹരീരി രാജിവെച്ചു. തന്‍റെ ജീവനു ഭീഷണിയുണ്ടെന്നാണ് കാരണം പറഞ്ഞാണ് രാജി. തന്നെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നെന്നും ഇറാനും പ്രമുഖ പാർട്ടിയായ ഹിസ്‌ബുള്ളയും ചേർന്നാണു തനിക്കെതിരെ നീങ്ങുന്നതെന്നും ഹരീരി ആരോപിച്ചു.
സൗദി അറേബ്യൻ പര്യടനത്തിനു പോയ സാദ് ഹരീരി റിയാദിൽ നിന്നുള്ള ടിവി സംപ്രേഷണത്തിലാണു രാജി പ്രഖ്യാപിച്ചത്. ഇദ്ദേഹത്തിന്‍റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ റഫീഖ് അൽ ഹരീരി 2005ൽ കൊല്ലപ്പെടുകയായിരുന്നു. പിതാവ് വധിക്കപ്പെട്ടതിനു സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് സാദ് പറഞ്ഞു. “എന്‍റെ ജീവനെടുക്കാൻ രഹസ്യ ഗൂഢാലോചന നടക്കുന്നതായി കരുതുന്നു. അറബ് ലോകത്ത് ഭിന്നത വിതയ്ക്കുകയാണ് ഇറാൻ. ദുഷ്ടലക്ഷ്യത്തോടെ ലബനനു നേർക്കു നീളുന്ന കൈകൾ വെട്ടിക്കളയും” അൽ ജസീറ ചാനലിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്‌ത ഹരീരി പറഞ്ഞു.
കഴിഞ്ഞയാഴ്ച സൗദിയിലെത്തിയ സാദ്, സൗദിയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടക്കമുള്ളവരുമായി ചർച്ച നടത്തിയിരുന്നു.