ബിൻ ലാദന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഫയലുകൾ സി.ഐ.എ പുറത്ത് വിട്ടു

വാഷിംഗ്ടൺ : അൽഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ വധിച്ചതുമായി ബന്ധപ്പെട്ട നൂറിലേറെ ഫയലുകൾ സി.ഐ.എ പുറത്ത് വിട്ടു. കുടുംബാംഗങ്ങൾക്കൊപ്പം അദ്ദേഹം നിൽക്കുന്നതടക്കമുള്ള ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ലാദന്റെ ഒളിത്താവളത്തിൽ 2011 മെയ് മാസത്തിൽ റെയ്ഡ് നടത്തിയപ്പോൾ ലഭിച്ച വിവരങ്ങൾ ഉൾപ്പെടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.
രാജ്യസുരക്ഷയെ ബാധിക്കുന്നതടക്കമുള്ള വിവരങ്ങൾ സി.ഐ.എയുടെ പക്കലുണ്ടെന്നും എന്നാൽ ഇവയൊന്നും ഉടൻ പുറത്തുവിടില്ലെന്നുമാണ് വിവരങ്ങൾ. 2011ൽ ലാദൻ അറബ് കലാപത്തിന് ആഹ്വനം ചെയ്തതിന്റെയും ലാദന്റെ മൂത്തമകന്റെ വിവാഹത്തിന്റെയും വിവരങ്ങൾ സി.ഐ.എ പുറത്ത് വിട്ടിട്ടുണ്ട്.
കശ്മീരിലെ സംഘർഷങ്ങളും മുംബൈ ഭീകരാക്രമണത്തിന്റെ വിവരങ്ങളുമാണ് രേഖകളിലുള്ളത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഡേവിഡ് ഹെഡ്ലിയുടെ വിചാരണയെ സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ ലാദന്റെ താവളത്തിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വിചാരണ സംബന്ധിച്ച് 2009 നവംബർ 16ന് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിന്റെ പകർപ്പ് ലാദന്റെ കന്പ്യൂട്ടറിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണത്തെ സംബന്ധിച്ചുള്ള ഗാർഡിയൻ റിപ്പോർട്ട്, പാക് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ അൽഖ്വെയ്ദ താലിബാനെ സഹായിക്കുന്നുവെന്ന പി.ടി.ഐ റിപ്പോർട്ട്, ഹെഡ്ലിയുംമറ്റ് തീവ്രവാദികളും തമ്മിൽ നടത്തുന്ന ആശയ വിനിമത്തെ കുറിച്ചുള്ള റിപ്പോർട്ട് തുടങ്ങിയവയും പിടിച്ചെടുത്ത രേഖകളിൽപ്പെടുന്നു.
ഇറാനുമായി ലാദൻ ഉണ്ടാക്കിയ ധാരണകളെ കുറിച്ചും വിവിധയിടങ്ങളിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ആക്രമണ പദ്ധതികളെ കുറിച്ചുമുള്ള വിവരങ്ങൾ സി.ഐ.എയുടെ പക്കലുണ്ട്. എന്നാൽ ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലാദനുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് സി.ഐ.എ തലവൻ മൈക്ക് പോംപിയോ അറിയിച്ചു. പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് രേഖകൾ പരസ്യമാക്കിയത്.