സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ : ഭരണം സ്പെയിൻ ഏറ്റെടുത്തു

മാഡ്രിഡ് : സ്പെയിനിലെ സ്വയംഭരണ പ്രദേശമായ കാറ്റലോണിയ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ കാറ്റലോണിയയുടെ ഭരണം സ്പെയിൻ ഏറ്റെടുക്കുകയും ചെയ്തു.
കാറ്റലോണിയൻ പാർലമെന്‍റ് പത്തിനെതിരെ 70 വോട്ടുകൾക്കാണ് സ്വന്ത്ര്യപ്രഖ്യാപനം അംഗീകരിച്ചത്. സ്വന്ത്ര്യപ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാർ പാർലമെന്‍റ് സമ്മേളനം ബഹിഷ്കരിച്ചു. സ്വതന്ത്ര, പരമാധികാര, സോഷ്യൽ ഡമോക്രാറ്റിക് രാജ്യമായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയമാണ് കാറ്റലോണിയൻ പാർലമെന്റ് പാസാക്കിയത്. സ്വതന്ത്രരാജ്യമായി അംഗീകരിക്കണമെന്ന് മറ്റ് രാജ്യങ്ങളോട് പ്രമേയത്തിൽ ആവശ്യപ്പെട്ടു. സ്പെയിനുമായി തുടർചർച്ചകൾക്കുള്ള സന്നദ്ധതയും പ്രകടിപ്പിച്ചു.
അതേസമയം, നേരിട്ടുള്ള ഭരണത്തിലൂടെ മാത്രമേ കാറ്റലോണിയയിൽ നിയമവാഴ്ചയും ജനാധിപത്യവും സ്ഥിരതയും കൊണ്ടുവരാനാകു എന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് സ്പാനിഷ് പാർലമെന്റിൽ പറഞ്ഞു. കാറ്റലോണിയയിലെ പ്രസിഡണ്ട് കാർലസ് പഗ്‌ദേമോണ്ടിനെയും വൈസ് പ്രസിഡണ്ട്, മന്ത്രിമാർ എന്നിവരെയും അയോഗ്യരാക്കും. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ വേണ്ട നടപടിയെടുക്കാൻ സ്പാനിഷ് ഭരണഘടനയുടെ 155ാം വകുപ്പ് അനുമതി നൽകുന്നുണ്ടെന്നും സ്പെയിനിലെ പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിൽ നടത്തിയ പ്രസംഗത്തിൽ രജോയ് പറഞ്ഞു. സ്പെയിൻ പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവനയിൽ രാജ്യത്തെ മുഴുവൻ ജനങ്ങളോടും ശാന്തരായിരിക്കാൻ ആഹ്വാനം ചെയ്തു. കാറ്റലോണിയയിൽ നിയമാനുസൃത ഭരണം നിലവിൽ വരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കാറ്റലോണിയയിൽ നേരിട്ടു ഭരണം നടത്താൻ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തിക്കൊണ്ട് സെനറ്റ് തീരുമാനമെടുത്തു.
അതേസമയം സ്പെയിനിലെ ഭരണഘടനാ കോടതി കാറ്റലോണിയയുടെ തീരുമാനത്തെ നിയമ വിരുദ്ധമാക്കി പ്രഖ്യാപിച്ചേക്കും. കോടതി കാറ്റലോണിയയുടെ തീരുമാനം പരിശോധിച്ചു വരികയാണ്. രണ്ട് കാറ്റലോണിയൻ സ്വാതന്ത്ര്യ സമര നേതാക്കളെയും കാറ്റലോണിയൻ പൊലീസ് മേധാവിയേയും ഭരണഘടനാ കോടതി ജഡ്ജി ചോദ്യം ചെയ്തു. കാറ്റലോണിയയെ സ്വതന്ത്രരാജ്യമായി അംഗീകരിക്കില്ലെന്ന് യുഎസ്, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ അറിയിച്ചു അതേസമയം കാറ്റലോണിയയിൽ എങ്ങനെ ഭരണം നടത്തുമെന്ന ആശങ്ക സ്പെയിൻ ഭരണകൂടത്തിനുണ്ട്. ജനങ്ങൾ നിസ്സഹകരണം തുടർന്നാൽ സുരക്ഷാ സേനയും ജനങ്ങളുമായുള്ള പരസ്യ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങും.
സ്പെയിനിൽനിന്നു വേർപ്പെട്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ കാറ്റലോണിയ പ്രവിശ്യയുടെ സ്വയംഭരണാവകാശം റദ്ദാക്കാനും പ്രവിശ്യാ സർക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താനും നേരത്തെ സ്പാനിഷ് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധമാണ് കാറ്റലോണിയയിൽ അരങ്ങേറിയത്. സ്പെയിനിൽനിന്നു വിട്ടുപോരാൻ ഹിതപരിശോധനയ്ക്ക് കറ്റാലൻ ഭരണകൂടം നീക്കം ആരംഭിച്ചതോടെയാണ് സ്വാതന്ത്ര്യ പ്രക്ഷോഭം പാരമ്യത്തിലെത്തിയത്. ഹിതപരിശോധനയിൽ 90 ശതമാനം പേരും സ്വാതന്ത്ര്യത്തെ അനുകൂലിച്ചു. എന്നാൽ സ്പെയിൻ ഹിതപരിശോധനാ ഫലം അംഗീകരിക്കാൻ തയാറല്ലായിരുന്നു. കറ്റാലൻ ഭരണകൂടത്തിനെതിരെ ശക്തമായ നടപടികളുമായി മാഡ്രിഡ് രംഗത്തെത്തി. എന്നാൽ മാഡ്രിഡ് ഭീഷണികളെയെല്ലാം തള്ളിയാണ് കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുകയാണ്. 40 വർഷം മുന്പ് ജനറൽ ഫ്രാങ്കോയുടെ ഏകാധിപത്യത്തിന്റെ തകർച്ചക്ക് ശേഷം സ്പെയിൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കാറ്റലോണിയൻ പ്രതിസന്ധി.