ഹാഫിസുദ്ദീന്റെ മരണം ബന്ധുക്കള്‍ സ്ഥിരീകരിച്ചു


കാബൂൾ: ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്യാംപിലെത്തിയതായി സംശയിച്ചിരുന്ന ഹാഫിസുദ്ദീന്റെ മരണം ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഹാഫിസുദ്ദീന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണിത്. ഹാഫീസുദ്ദീനൊപ്പം തൃക്കരിപ്പൂരില്‍ നിന്നു കാണാതായ അബ്ദുള്‍ റഷീദിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നാണ് മൃതദേഹത്തിന്റെ ചിത്രങ്ങള്‍ അയച്ചുകിട്ടിയത്. കേരളത്തില്‍ നിന്ന് ഭീകരസംഘടനയായ ഐഎസ് ക്യാംപിലെത്തിയെന്നു സംശയിക്കപ്പെടുന്ന 22 പേരില്‍ ഒരാളാണ് ടി. കെ ഹാഫിസുദ്ദീന്‍. ഫെബ്രുവരി 25ന് അഫ്ഗാനിലെ തോറാ ബോറാ മലനിരകളില്‍ നടന്ന വ്യോമാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടെന്ന സന്ദേശം ലഭിച്ചിരുന്നു. ഹഫീസുദ്ദീന്റെ മരണം ബന്ധുക്കളോ അന്വേഷണ ഏജന്‍സികളോ സ്ഥിരീകരിച്ചിരുന്നില്ല. ഒപ്പം കാണാതായവരോട് സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും അന്വേഷിച്ചപ്പോഴാണ് മൃതദേഹത്തിന്റെ ചിത്രം ലഭിച്ചത്.
എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ മരണവിവരത്തില്‍ ഇപ്പോഴും സ്ഥിരീകരണം നടത്തിയിട്ടില്ല. വ്യോമാക്രമണത്തില്‍ നിരവധി വിദേശികള്‍ മരിച്ചിട്ടുണ്ടെന്നും അതില്‍ ഇന്ത്യക്കാരുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അഫ്ഗാന്‍ സര്‍ക്കാരും ഇന്റര്‍പോളും പറഞ്ഞിരുന്നു.
Prev Post