ലോകത്തെ ഭീമൻ ടെലസ്‌കോപ്പിന്റെ നിർമ്മാണം പൂർത്തിയായി

ബീജിംഗ്: ലോകത്തെ ഏറ്റവും വലിയ റേഡിയോ ടെലസ്‌കോപ്പ് ചൈനയിൽ നിർമ്മാണം പൂർത്തിയായി. 30 ഫുട്‌ബോൾ മൈതാനങ്ങളുടെ വിസ്തൃതിയുള്ള ടെലസ്‌കോപ്പ് ഗുയിസോവു പ്രവിശ്യയിലെ പർവ്വത മേഖലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. 500 മീറ്റർ വ്യാസമുള്ള ടെലസ്‌കോപ്പിന്റെ നിർമ്മാണം അഞ്ചര വർഷംകൊണ്ടാണ് പൂർത്തിയാക്കിയത്.
ചൈനീസ് അക്കാദമി ഓഫ് സയൻസസിന്റെ നേതൃത്വത്തിൽ നാഷണൽ അസ്‌ട്രോണമിക്കൽ ഒബ്‌സർവേഷനായിരുന്നു നിർമ്മാണച്ചുമതല. ഭൂമിയിൽനിന്ന് 1000 പ്രകാശവർഷം അകലെ വരെയുള്ള ഏത് ബഹിരാകാശ ശബ്ദതരംഗങ്ങളും സിഗ്നലുകളും കണ്ടെത്താൻ റേഡിയോ ടെലസ്‌കോപ്പിന് സാധിക്കും. ഭൂമിക്ക് പുറത്ത് എവിടെയെങ്കിലും ജീവന്റെ തുടിപ്പുണ്ടോ എന്നതടക്കം നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഇത് സഹായകമാകുമെന്നാണ് ചൈനയുടെ പ്രതീക്ഷ. ശാസ്ത്രസാങ്കേതിക മേഖലയിൽ ചൈനയുടെ ആധിപത്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൈന ഭീമൻ ടെലസ്‌കോപ്പ് നിർമ്മിച്ചിരിക്കുന്നത്.
ഫൈവ് ഹണ്ട്രഡ് മീറ്റർ അപ്പേച്ചർ സ്‌ഫെറിക്കൽ ടെലസ്‌കോപ്പ് എന്നാണ് ഈ ദൂരദർശിനിക്ക് ചൈന നൽകിയിരിക്കുന്ന പേര്. ടെലസ്‌കോപ്പിന്റെ കേന്ദ്രസ്ഥാനമായ റെറ്റിനക്ക് 30,000 കിലോഗ്രാം ഭാരമുണ്ട്. ഒരുമൈൽ ചുറ്റളവുള്ള ടെലസ്‌കോപ്പ് കാൽനടയായി ചുറ്റിവരാൻ 40 മിനിറ്റ് സമയമെടുക്കും. 185 ദശലക്ഷം ഡോളറാണ് നിർമ്‍മാണച്ചെലവ്. സെപ്തംബറിൽ ടെലസ്‌കോപ്പ് മിഴിതുറക്കും.