രണ്ടാം ഘട്ട കൊറോണ വൈറസ് വ്യാപനം ഉണ്ടാകുമെങ്കിലും ഭയക്കേണ്ടതില്ല .... കാരണം വ്യക്തമാക്കി ചൈന

വുഹാനില്‍ നിന്നു ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസ് ജൈത്രയാത്ര തുടരുകയാണ്. ഈ അവസരത്തില്‍ ഇനി രണ്ടാം ഘട്ട വൈറസ് വ്യാപനത്തെ ഭയക്കേണ്ട സാഹചര്യമില്ലെന്ന് ചൈന. ഈ വർഷം അവസാനത്തോടെ കൊറോണയുടെ 'സെക്കന്റ് വേവ് 'ഉണ്ടാകാം എന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അടുത്ത വർഷം ആദ്യം വരെ ലോകം കോവിഡ് ഭീതിയില്‍ കഴിയേണ്ടി വരുമെന്നു തന്നെയാണ് ചൈനീസ് ഗവേഷകരും നല്‍കുന്ന വിവരം. എന്നാല്‍ ചൈനയില്‍ നിലവില്‍ രോഗം നിയന്ത്രണവിധേയമാണെന്നാണു ചൈനീസ് വിദഗ്ധര്‍ പറയുന്നത്. 2003–ല്‍ സാര്‍സ് രോഗത്തെ പടികടത്തിയ പോലെ തന്നെ തങ്ങള്‍ക്ക് ഇതിനെയും നേരിടാന്‍ സാധിക്കും എന്നാണു ചൈനയുടെ വാദം.
സാർസ് രോഗം പൊട്ടിപുറപ്പെട്ട സാഹചര്യത്തില്‍ ചൈനീസ് സര്‍ക്കാര്‍ സമാനമായ നിയന്ത്രണനടപടികള്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി മാസമാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം കൊറോണ വൈറസ് ചൈനയില്‍ നിന്നു ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങിയത്. ചൈനയിലെ ഉന്നത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ സോന്‍ നാനഷാന്‍ പറയുന്നത് ആവശ്യമായ നടപടികള്‍ സ്വീകരിച്ചാല്‍ എല്ലാ രാജ്യങ്ങള്‍ക്കും ജൂണ്‍ മാസത്തോടെ കൊറോണയെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ്.
കോവിഡ് വ്യാപനശേഷം ആദ്യമായി കഴിഞ്ഞ ദിവസം വുഹാനില്‍ ഒരു കൊറോണ കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതെ കടന്നു പോയിരുന്നു. ഇത് വലിയൊരു നേട്ടമായാണ് ചൈനീസ് സര്‍ക്കാര്‍ കാണുന്നത്. എന്നാല്‍ കൊറോണയുടെ രണ്ടാം ഘട്ട വ്യാപനം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും ഗവേഷകര്‍ പറയുന്നു.