‘വളരെ ബുദ്ധിമുട്ടിയാണ് പഴയ സിനിമ പുതിയ സാങ്കേതിക വിദ്യയിലേക്ക് മാറ്റിയത്; ചെലവായത് 1.50 കോടി രൂപ’; ഭദ്രൻ ട്വന്റിഫോറിനോട്

1995 ൽ പുറത്തിറങ്ങിയ എവർഗ്രീസ് മാസ് ചിത്രമാണ് സ്ഫടികം. ഇപ്പോഴിതാ 28 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും വെള്ളിത്തിരയിൽ എത്തുകയാണ്. പറയുന്നത് പോലെ എളുപ്പമായിരുന്നില്ല ഈ ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലെത്തിക്കാൻ. മൂന്ന് പതിറ്റാണ്ട് മുൻപുള്ള സാങ്കേതിക വിദ്യയിൽ ചെയ്ത ചിത്രം നിലവിലെ തിയെറ്ററിൽ പ്രദർശിപ്പിക്കണമെങ്കിൽ അതിന് പിന്നിൽ ഒരുപാട് പേരുടെ അധ്വാനം ആവശ്യമാണെന്ന് സംവിധായകൻ ഭദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു.
‘പഴയ നെഗറ്റീവിൽ കിടന്ന ഫിലിമിനെ പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുകയായിരുന്നു. അതിൽ നിന്ന് ഡയലോഗ് ട്രാക്ക് മാത്രം വേർതിരിച്ച് മറ്റ് സൗണ്ടുകളെല്ലാം മാറ്റി, പുതിയ സൗണ്ടിംഗ് ഡോൾബി അറ്റ്‌മോസിലേക്ക് മാറ്റിയിട്ടുണ്ട്. പഴയ മോണോയിൽ ചെയ്ത എല്ലാ ശബ്ദത്തെയും നമുക്ക് പുതിയതിലേക്ക് മാറ്റാൻ സാധിക്കുമായിരുന്നില്ല. ഡയലോഗിന് യാതൊരു വിധ പോറലും ഏൽപ്പിക്കാതെ ഏറ്റവും പുതിയ സാങ്കേതിക വിദ്യ അപ്ലൈ ചെയ്താണ് പുതിയ സ്ഫടികം പുറത്തിറക്കുന്നത്’- ഭദ്രൻ പറഞ്ഞു.
ഒപ്പം പണ്ട് ചെയ്യാമെന്ന് വിചാരിച്ചിരുന്ന കുറച്ച് ഷോട്ട്‌സും ഇപ്പോഴത്തെ സ്ഫടികത്തിൽ ചേർത്തിട്ടുണ്ട്. ഇതിനെല്ലാം ചേർത്ത് 1.50 കോടി രൂപ ചെലവായെന്ന് ഭദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു. പ്രമോഷനും മറ്റുമുള്ള ചെലവുകൾ വേറെയും. മലയാളികളഅ# ഒന്നടങ്കം കാത്തിരിക്കുന്ന സ്ഫടികം ഫെബ്രുവരി 9നാണ് സിനിമ തിയറ്ററുകളിൽ എത്തുന്നത്.
a